ജിദ്ദ- ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ട്യൂഷൻ ഫീസ് വർധനവിനു പിന്നാലെ മറ്റു ഫീസുകളിലും വർധന. ഈ വർധനയും സെപ്റ്റംബർ മുതലാണ് പ്രാബല്യത്തിൽ വന്നിട്ടുള്ളത്. എന്നാൽ ഇതു സംബന്ധിച്ച് നേരത്തെ ഫീസ് വർധനയുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കുലറിൽ സൂചനയൊന്നും ഇല്ലായിരുന്നു. ഫീസ് അടക്കാൻ കൗണ്ടറിൽ ചെല്ലുമ്പോഴാണ് മറ്റു ഫീസുകളുടെ വർധനയെക്കുറിച്ച് രക്ഷിതാക്കൾ അറിയുന്നത്. വർധിപ്പിച്ച ട്യൂഷൻ ഫീസ് പിൻവലിക്കണമെന്ന് വിവിധ സംഘടനകളും രക്ഷിതാക്കളും ആവശ്യപ്പെട്ടു കൊണ്ടിരിക്കെയാണ് രക്ഷിതാക്കൾക്ക് അധിക ബാധ്യത വരുത്തുന്ന മറ്റു ഫീസുകളിലും വർധനയുണ്ടായിട്ടുള്ളത്. ഇതിനു പുറമെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളുടെ ഫീസിലും വർധനവ് ഉണ്ടായിട്ടുണ്ട്. ടി.സി വാങ്ങാനെത്തുന്നവരും അധിക തുക നൽകേണ്ടി വരും. ഇതുവരെ ഈടാക്കിയിരുന്നതിൽ നിന്നു വ്യത്യസ്തമായി അക്കാദമിക് ഇയർ കണക്കാക്കി ഈ ഇനത്തിലും കൂടുതൽ തുക വാങ്ങുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
എല്ലാ നിലയിലും വലിയ സാമ്പത്തിക ബാധ്യതയാണ് രക്ഷിതാക്കൾക്ക് വന്നിട്ടുള്ളത്.
ജോലി നഷ്ടപ്പെടൽ ഭീഷണി, ശമ്പളം കൃത്യമായി ലഭിക്കാതിരിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളും ലെവി പോലുള്ള അധിക ബാധ്യതകളും നിലനിൽക്കെയാണ് ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളിൽ അധിക ബാധ്യതകൾ അടിച്ചേൽപിച്ചിട്ടുള്ളത്.
എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകാരുടെ ടേം ഫീസ് 50 റിയാലിൽനിന്ന് 100 റിയാലായും 11, 12 ക്ലാസുകാരുടേത് 100 റിയാലിൽനിന്ന് 150 റിയാലായുമാണ് വർധിപ്പിച്ചത്. മിസലേനിയസ് ഫീസിലും വർധന വരുത്തിയിട്ടുണ്ട്. ഇതുവരെ 25 റിയാൽ നൽകിയിരുന്നിടത്ത് ഇനി മുതൽ 50 റിയാൽ നൽകണം. ഇതിനു പുറമെ സ്‌പോർട്‌സ്, ആക്ടിവിറ്റി ഇനത്തിലും ഫീസ് നൽകണം. കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ പത്ത് റിയാലും 6-8 ക്ലാസുകാർക്ക് 15 റിയാലും, 9-12 ക്ലാസുകാർക്ക് 20 റിയാലുമാണ് ഈ ഇനത്തിൽ നൽകേണ്ടത്.
മലയാളം ന്യൂസ് വാർത്താ ലിങ്കുകൾ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പിൽ ചേരുക
സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫീസായി 450 റിയാലാണ് ഈടാക്കിയിരുന്നത്. ഈ വർഷം മുതൽ അത് 575 ആക്കി വർധിപ്പിച്ചു. 125 റിയാലിന്റെ വർധന. 12-ാം ക്ലാസ് പരീക്ഷാ ഫീസ് 500 റിയാലിൽനിന്ന് 630 റിയാലായാണ് വർധിപ്പിച്ചത്. 130 റിയാൽ കൂടുതൽ. സി.ബി.എസ്.ഇ ബോർഡ് ഈ ക്ലാസുകളിൽ 5000 രൂപ ഫീസ് ഈടാക്കിയിരുന്നത് ഇരട്ടിയാക്കി വർധിപ്പിച്ചതിനെ തുടർന്നാണ് പരീക്ഷാ ഫീസ് വർധിപ്പിക്കേണ്ടി വന്നതെന്ന് രക്ഷിതാക്കൾക്കു നൽകിയ സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ ട്യൂഷൻ ഫീസ് വർധനയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 18ന് പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ ടേം ഫീ, മിസലേനിയസ്, സ്‌പോർട്‌സ് ഫീ വർധനയുടെ കാര്യം പറയുന്നതേയില്ല.
ട്യൂഷൻ ഫീസ് ഇനത്തിൽ 20 ശതമാനത്തിലേറ വർധനയാണ് വരുത്തിയിട്ടുള്ളത്. വർധനവ് വരുത്തിയ അറിയിപ്പ് രക്ഷിതാക്കൾക്ക് സെപ്റ്റംബർ 18 നാണ് ലഭിച്ചതെങ്കിലും സെപ്റ്റംബർ ഒന്നു മുതൽ പ്രാബ്യത്തിൽ വന്നതായാണ് അറിയിപ്പിൽ പറയുന്നത്. എൽ.കെ.ജി മുതൽ അഞ്ച് വരെയുള്ള ക്ലാസ് ഫീസിൽ 60.43 റിയാലും ആറാം ക്ലാസ് മുതൽ എട്ടുവരെ 65.43 റിയാലും ഒമ്പത് മുതൽ 12-ാം ക്ലാസ് വരെ 70.43 റിയാലുമാണ് വർധന.
നിലവിൽ കെ.ജി വിഭാഗത്തിന് വാറ്റ് ഉൾപ്പെടെ 252 റിയാലാണ് ഫീസ്. ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഫീസ് വാറ്റ് ഉൾപ്പെടെ 278.25 റിയാലും 6-8 ക്ലാസിന് വാറ്റ് ഉൾപ്പെടെ 315 റിയാലും 9-10 ക്ലാസിന് ലാബ് ഫീസ് ഉൾപ്പെടെ 351.75 റിയാലുമാണ് ഫീസ്. 11-12 ക്ലാസുകാർക്ക് ലാബ് ഫീസ് കൂടാതെ 340 റിയാലാണ് നിലവിലെ ഫീസ്. ഇതിനു പുറമെയാണ് ബസ് ഫീസ്. അത് ഒന്നു മുതൽ നാല് സോൺ വരെ 120 റിയാൽ മുതൽ 155 റിയാലും മക്ക സോണിന് 230 റിയാലുമാണ് ഫീസ്. ട്യൂഷൻ ഫീസ് വർധിപ്പിച്ച സാഹചര്യത്തിൽ ബസ് ഫീസും താമസിയാതെ വർധിപ്പിക്കുമെന്നാണ് സൂചന. നാലു വർഷത്തിനിടെ ട്യൂഷൻ ഫീസ് ഇനത്തിൽ ഇതാദ്യമായാണ് വർധനയെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനിടെ ട്യൂഷൻ ഫീസ് വർധന ഇല്ലാതാക്കാനെന്ന പേരിൽ പ്രവേശന ഫീസ് ഇനത്തിലും മറ്റും അധിക ഫീസ് ഈടാക്കിയിരുന്നു.