തിരുവനന്തപുരം - മരടിലെ ഫ്ളാറ്റിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരുന്നവർക്ക് പുനരധിവാസം നൽകുന്നത് മാനുഷികമായ പ്രശ്‌നം കൂടിയാണെന്നും സഹായം നൽകുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമായി തന്നെ കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്ളാറ്റിലെ താമസക്കാർക്ക് പുനരധിവാസം ഒരുക്കാനും നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അക്കാര്യത്തിലും കോടതി തീരുമാനം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുകയാണ്.
ഒഴിപ്പിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ട പരിഹാരം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ഇതിനുള്ള തുടർ നടപടികൾക്ക് നേതൃത്വം നൽകാൻ സുപ്രീം കോടതി തന്നെ റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയോഗിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകുന്നതിനുള്ള തുക നിർമാതാക്കളിൽനിന്ന് ഈടാക്കുന്നതും നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതും ഈ സംവിധാനത്തിന്റെ ഭാഗമായാണ് നടക്കുക. മരടിലെ വിഷയം മറ്റേതെങ്കിലും പ്രശ്‌നവുമായി താരതമ്യം ചെയ്യാവുന്ന ഒന്നല്ല. കോടതി വിവിധ ഘട്ടങ്ങളായി പരിശോധിച്ച് അന്തിമമായി കൽപിച്ച തീർപ്പ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മാർഗങ്ങളില്ല.
രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കുക സംസ്ഥാനത്തിന്റെ ഭരണ ഘടനാ ചുമതലയാണ്. അതുകൊണ്ടുതന്നെയാണ് മറ്റേതെങ്കിലും തരത്തിലുള്ള ഒഴിപ്പിക്കലുമായി മരട് വിഷയത്തെ താരതമ്യം ചെയ്യാൻ കഴിയാത്തത്. ഏറ്റവും ഒടുവിലും ആ വിധി നടപ്പാക്കണമെന്ന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. അതു സംബന്ധിച്ച് നിലവിൽ ഒരുതരത്തിലുള്ള ആശയക്കുഴപ്പവും നിലനിൽക്കുന്നില്ല. മാനദണ്ഡങ്ങൾ പാലിച്ചും നീതിനിഷ്ഠമായും മാത്രമാണ് സർക്കാർ നടപടികൾ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മരട് ഫ്ളാറ്റിലെ ഒഴിപ്പിക്കലിലും പുനരധിവാസത്തിലും സർക്കാരിനെതിരെ വിമർശനവുമായി ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ രംഗത്തെത്തിയിരുന്നു. മരടിലെ താമസക്കാരുടെ പുനരധിവാസത്തിലും നഷ്ടപരിഹാരത്തിലും സർക്കാർ ഏറെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് വി.എസ്.അച്യുതാനന്ദൻ സർക്കാരിനു നൽകിയത്. സമാനമായ നിയമ ലംഘനങ്ങൾ സർക്കാർ തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും, മറ്റു കാരണങ്ങളാൽ പുനരധിവസിപ്പിക്കേണ്ടവരെക്കാൾ മുൻഗണനയോ സൗകര്യങ്ങളോ ഇടതുസർക്കാർ ഫഌറ്റുടമകൾക്കു നൽകുന്നതു തെറ്റായ സന്ദേശം നൽകുമെന്നും വി.എസ് വിമർശിച്ചിരുന്നു.