കൊച്ചി- ആനക്കൊമ്പ് കൈവശംവച്ച കേസില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി വനംവകുപ്പ് ഹൈക്കോടതിയിലും കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഏഴു വര്‍ഷത്തിനു ശേഷമാണ് ഇക്കഴിഞ്ഞ 16 ന് മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2012 ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ് കേസ് നീണ്ടുപോകുന്നതിനെതിരെ ഹൈക്കോടതി നേരത്തെ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും തിടുക്കത്തില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നാലു പ്രതികളുള്ള കേസില്‍ മോഹന്‍ലാല്‍ ഒന്നാം പ്രതിയും, തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍ കൃഷ്ണ കുമാര്‍ രണ്ടാം പ്രതി, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്നു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കേസ് എന്തുകൊണ്ടു തീര്‍പ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോര്‍ട്ട് നല്‍കിയശേഷമാണു വനം വകുപ്പിന്റെ മലക്കംമറിച്ചില്‍. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. സൃഹൃത്തുക്കളും സിനിമാനിര്‍മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി. കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്പ് കൈമാറിയത്. കെ. കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസും മോഹന്‍ലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല.
2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്നു കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി. തൊട്ടുപിന്നാലെ, മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശംവയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആനക്കൊമ്പ് കൈവശംവയ്ക്കാന്‍ ലൈസന്‍സുണ്ട്. സുഹൃത്തുക്കള്‍ സ്‌നേഹോപഹാരമായി നല്‍കിയതാണ്. (ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യനിലപാട്). മോഹന്‍ലാല്‍ നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് സമ്പാദിച്ചതെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.