Sorry, you need to enable JavaScript to visit this website.

ലെവി ഇളവും സൗദിവല്‍ക്കരണവും തമ്മില്‍ ബന്ധമില്ല; സ്വദേശിവല്‍ക്കരണം തുടരും

റിയാദ് - വ്യവസായ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച ലെവി ഇളവ് സൗദിവൽക്കരണത്തിന്റെ കണക്കിലാവില്ലെന്ന് വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. വ്യവസായ മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരും. വ്യവസായ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള സുസ്ഥിര സംവിധാനം അഞ്ചു വർഷത്തിനുള്ളിൽ തയാറാക്കുന്നതിന് വ്യവസായ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. 


വ്യവസായ സ്ഥാപനങ്ങൾക്ക് ഇന്ധന, വൈദ്യുതി, ഗ്യാസ് നിരക്കുകൾ സ്ഥിരപ്പെടുത്തുന്നതിനെ കുറിച്ച് വ്യവസായ മന്ത്രാലയം പഠിക്കുന്നുണ്ട്. ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഇളവുകൾ നൽകുന്നതിനെ കുറിച്ചും പഠിക്കുന്നുണ്ട്. മുപ്പതു ദിവസത്തിനകം പഠനം പൂർത്തിയാകും. 


2030 വരെയുള്ള കാലത്ത് വ്യവസായ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി, ഇന്ധന, ഗ്യാസ് നിരക്കുകൾ സ്ഥിരപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഊർജ നിരക്കുകൾ സ്ഥിരപ്പെടുത്തുന്നത് വ്യവസായ സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുകയും ഉൽപാദന ചെലവ് കുറക്കുകയും ചെയ്യും. 


സൗദിയിൽ വാഹന വ്യവസായ മേഖലയുടെ ഭാവി നിക്ഷേപകർക്കുള്ള താൽപര്യത്തെ ആശ്രയിച്ചിരിക്കുന്നു. വാഹന വ്യവസായം നിരവധി ലോജിസ്റ്റിക് വ്യവസായങ്ങളെ ആകർഷിക്കും. നവീന ആശയങ്ങളും ഗവേഷണങ്ങളും അവലംബിക്കുന്ന മികച്ച കമ്പനികളെ സ്വന്തമാക്കുന്നതിനും ഇത്തരം കമ്പനികളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനും സൗദി കമ്പനികൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനാണ് വ്യവസായ വികസന നിധി ശ്രമിക്കുന്നത്. 


വ്യവസായ മേഖലയുടെ വളർച്ചയിൽ വ്യവസായ വികസന നിധി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വർഷത്തിനിടെ 2186 വ്യവസായ പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും ആകെ 13,200 കോടിയിലേറെ റിയാൽ നിധിയിൽ നിന്ന് വായ്പകൾ നൽകിയിട്ടുണ്ട്. ഇതിൽ 81 ശതമാനവും ചെറുകിട, ഇടത്തരം പദ്ധതികൾക്കാണ് അനുവദിച്ചത്. വ്യവസായ വികസന നിധിയുടെ വായ്പകളോടെ ആരംഭിച്ച പദ്ധതികളിലും സ്ഥാപനങ്ങളിലും ഇരുപതു വർഷത്തിനിടെ 1,87,000 ലേറെ പേർക്ക് തൊഴിലവസരങ്ങൾ ലഭിച്ചു. ഈ പദ്ധതികൾ മൊത്തം വ്യവസായ ഉൽപാദനത്തിലേക്ക് 18,900 കോടി റിയാൽ സംഭാവന ചെയ്തതായും വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. 

 

Latest News