ജിദ്ദ- കഴിഞ്ഞ ദിവസം സുഹൃത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സ്വകാര്യ അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗമിന്റെ കുടുംബം സൽമാൻ രാജാവിനെ സന്ദർശിച്ചു.
പിതാവ് ബദ്ദാഹ് ബിൻ അബ്ദുല്ല അൽഫഗമിന്റെ നേതൃത്വത്തിലാണ് കുടുംബാംഗങ്ങൾ സൽമാൻ രാജാവിനെ കണ്ടത്. കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച സൽമാൻ രാജാവ് മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗം ഏറ്റവും ഭംഗിയായും സമർപ്പണത്തോടെയും ആത്മാർഥതയോടെയും രാജ്യസേവനം നടത്തിയതിനെ പ്രശംസിച്ചു. മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗമിന്റെ വിയോഗത്തിൽ തങ്ങളെ ആശ്വസിപ്പിച്ച സൽമാൻ രാജാവിന് പിതാവും സഹോദരങ്ങളും മക്കളും നന്ദി പറഞ്ഞു.
മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗമിന്റെ കുടുംബാംഗങ്ങളെ സ്വീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചനം അറിയിച്ചു. മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗമിന്റെ വിയോഗം എല്ലാവരിലും വേദനയുണ്ടാക്കി. കൃത്യനിർവഹണം നടത്തുന്നതിൽ മേജർ ജനറൽ അബ്ദുൽ അസീസ് അൽഫഗം കാണിച്ച ആത്മാർഥതയും സമർപ്പണവും പ്രശംസനീയമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും സഹമന്ത്രിയും മന്ത്രിസഭാംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരനും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.