ജിദ്ദ - ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ജിദ്ദ സുലൈമാനിയ ഡിസ്ട്രിക്ടിലെ റെയിൽവെ സ്റ്റേഷനിലുണ്ടായ അഗ്നിബാധയുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ.
വ്യക്തമായ കാരണമില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. അഗ്നിബാധയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണങ്ങൾ നടത്തുന്നതിന് ഏതാനും കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ഉത്തരവുകളിട്ടിട്ടുണ്ട്. ഗതാഗത മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും മക്ക ഗവർണറേറ്റും അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അന്വേഷണ റിപ്പോർട്ടുകൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് സമർപ്പിക്കും.
അഗ്നിബാധയിലുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ കേടുപാടുകൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്. മേൽക്കൂര ഇപ്പോഴും തകർന്നുവീണു കൊണ്ടിരിക്കുകയാണ്. അടിയിലെ നിലയും ഒന്നാം നിലയും സുരക്ഷിതമാണ്. രണ്ടാം നിലയിലും മേൽക്കൂരയിലുമാണ് പ്രശ്‌നങ്ങളുണ്ടായത്. അന്വേഷണം പൂർത്തിയായ ശേഷം അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തും. ലോകത്ത് എല്ലാ രാജ്യങ്ങളിലും എല്ലാ സ്ഥലങ്ങളിലും അഗ്നിബാധയുണ്ടാകാറുണ്ട്. വികസിത രാജ്യങ്ങളിലും ചെറിയ രാജ്യങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകാറുണ്ട്. മറ്റു രാജ്യങ്ങളിലും നേരത്തെ സമാനമായ അഗ്നിബാധകളുണ്ടായിട്ടുണ്ടെന്ന് ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു.