എനിക്ക് ആദ്യം കിട്ടിയ പുരസ്‌കാരം ഒരു ചെറിയ അളുക്ക് പൗഡർ ആയിരുന്നു. അതിനു മുൻപോ പിൻപോ എനിക്ക് പറയത്തക്ക പുരസ്‌കാരമൊന്നും കിട്ടിയിട്ടില്ല. ആദ്യത്തെ പുരസ്‌കാരത്തിന്റെ ഉള്ളടക്കമായ പൗഡർ പൂശുന്ന ശീലവും പുലർത്തിയില്ല. പക്ഷേ എന്റെ കൺവെട്ടത്തും വെട്ടമില്ലാത്തിടത്തും പുരസ്‌കാരങ്ങൾ പറന്നു നടന്നു, പറക്കും തളിക പോലെ, അഷ്ടദിക്പാലന്മാരെ അമ്പരപ്പിക്കുന്ന പോലെ. ഓരോ പുരസ്‌കാരത്തെയും പുരസ്‌കരിച്ച് 'കിഞ്ചന വർത്തമാനം' കേട്ടു പോന്നു.
കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട വയലാർ അവാർഡ് നിർണയിക്കുന്ന രീതി കുറ്റമറ്റതാണെന്നു സമർഥിക്കാൻ അതിന്റെ പങ്കായം ഊന്നുന്നവർ എന്നും ന്യായമായും ശ്രമിച്ചിട്ടുണ്ട്. അത് സ്ഥാപിക്കപ്പെട്ടപ്പോൾ എല്ലാവരും പറഞ്ഞു, പുരസ്‌കാരസംഖ്യയും മുന്നിൽ കളിക്കുന്നവരെയും പിന്നിൽ വിലസുന്നവരെയും നോക്കിയാൽ അറിയാം, കേരളത്തിലെ പ്രഥമപുരസ്‌കാരം ഇതു തന്നെ. അതിനെപ്പറ്റിയും ഇതാ വന്നിരിക്കുന്നു, കേട്ടീലയോ കിഞ്ചന വർത്തമാനം നാട്ടിൽ പൊറുപ്പാൻ എളുതല്ല മേലിൽ...!
നേരത്തെ ഒന്നും കേട്ടില്ലെന്നല്ല. കുശുകുശുക്കിയും തൊണ്ട തുറന്നും വയലാർ അവാർഡിനെപ്പറ്റിയും ഓരോന്നു കേട്ടിരുന്നു, ഇടയ്ക്കും തലയ്ക്കും. വയലാറിനെ വലതു കമ്യൂണിസ്റ്റ് പാർട്ടിയുമായി കെട്ടിയിടാൻ വിശേഷിച്ചൊരു കാരണവുമില്ലെങ്കിലും അങ്ങനെ ഒരു ശങ്ക പലർക്കും ഉണ്ടായിരുന്നു. സാഹിത്യവുമായി പുലബന്ധം മാത്രമുള്ളവർ അവാർഡ് നിർണയത്തിൽ കയ്യും തലയും ഇടുന്നുവെന്നൊരു ആക്ഷേപവും മന്ദ്രസ്ഥായിയിൽ കേൾക്കാമായിരുന്നു.
എന്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചുവപ്പൻ ചിന്തയുടെ പേരിൽ ആക്ഷേപിക്കപ്പെട്ട ആളല്ല അയ്യപ്പപണിക്കർ.
മയക്കോവ്‌സ്‌ക്കിയും അന്ന അഖ്മത്തോവയും വായിച്ചു രസിച്ച പണിക്കർ സഖാവായില്ല. പക്ഷേ അതുകൊണ്ടു മാത്രമാവില്ല, വേണ്ട നേരത്ത് അദ്ദേഹത്തിന് വയലാർ അവാർഡ് കൊടുക്കാൻ വിട്ടുപോയി. ഒടുവിൽ നിർവാഹമില്ലാത്തതുകൊണ്ടോ എന്തോ, അദ്ദേഹത്തെ പുരസ്‌കരിക്കാൻ വയലാർ ട്രസ്റ്റ് നിശ്ചയിച്ചപ്പോൾ പണിക്കർ കടകം മറിഞ്ഞു നിന്നു, തനിക്കീ അവാർഡ് വേണ്ടെന്നായി.
അങ്ങനെ അവാർഡ് സ്വീകരിച്ചല്ല, തിരസ്‌ക്കരിച്ച് ആളാവുന്നവരുടെ വരിയിൽ പണിക്കർ ഇടം നേടി. കമ്യൂണിസ്റ്റു ചിന്ത വഴിയോ അല്ലാതെയോ അസ്തിത്വവാദത്തിൽ എത്തിച്ചേർന്ന ഴാങ് പോൾ സാർത്ര് നൊബേൽ സമ്മാനം വേണ്ടെന്നു പറഞ്ഞപ്പോൾ, വാങ്ങി വിലസുന്നതിനെക്കാൾ പ്രസിദ്ധനായി. പിന്നെ പല അവാർഡുകളും പലരും കയ്യൊഴിഞ്ഞു പേരുണ്ടാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പ്രതിഷേധം പ്രകടിപ്പിക്കാൻ ചില കവികുഞ്ജരന്മാരും നോവൽ രാജാക്കന്മാരും സാഹിത്യ അക്കാദമിയും മറ്റും അവർക്കു സമ്മാനിച്ചിരുന്ന പാരിതോഷികങ്ങൾ മടക്കിക്കൊടുക്കുന്നതായി പ്രഖ്യാപിച്ചു. പ്രസ്താവന വന്നു. അവാർഡിനോടൊപ്പം കൊടുക്കാറുള്ള സംഖ്യയും തിരിച്ചയക്കുമോ എന്നു ചോദിച്ച് ചില വിരുതന്മാർ എടങ്ങേറുണ്ടാക്കാൻ നോക്കിയത് അവാർഡ് തിരസ്‌ക്കരണത്തിന്റെ നിഷേധചരിത്രം.
ഇനി വയലാറിലേക്കു മടങ്ങാം. അയ്യപ്പപണിക്കർ തൊടുത്തുവിട്ടതിലും കൂടുതൽ മൂർച്ചയുള്ളതാണ് അവാർഡ് സമിതി അധ്യക്ഷനായ എം. കെ സാനു ആഞ്ഞെറിഞ്ഞിരിക്കുന്ന ആരോപണം. സർഗചൈതന്യം ലവലേശമേൽക്കാത്ത ഏതോ പുസ്തകം അവാർഡിനു തെരഞ്ഞെടുക്കാൻ സമ്മർദ്ദമുണ്ടായെന്ന് വെളിപ്പെടുത്തുക മാത്രമല്ല, ആ കാരണത്താൽ അധ്യക്ഷസ്ഥാനം രാജി വെക്കുകയും ചെയ്തു സാനു. സമ്മർദ്ദവുമായി വന്നവരെ ആട്ടിയോടിച്ച് തന്റെ വഴിയേ മുന്നോട്ടു പോകാമായിരുന്ന സാനു എന്തുകൊണ്ട് എല്ലാം വെച്ചൊഴിഞ്ഞുപോയെന്ന് തുറന്നടിച്ചാൽ അവാർഡ് സാഹിത്യത്തിന്റെ മലീമസവശം പുറത്തുവരുകയാവും.
പല യാദൃഛികതകളും അർഥപൂർണമാണെന്നു കരുതണം. അങ്ങനെയൊരു തിയറി തന്നെയുണ്ട് കാൾ യൂങ് എന്ന മനശ്ശാസ്ത്രജ്ഞന്റെ വകയായി. വയലാർ അവാർഡ് ഏതോ സാഹിത്യയശഃപ്രാർഥിക്കു കൊടുപ്പിക്കാൻ വേല കളി മൂക്കുമ്പോൾ ഡൽഹിയിൽ പുതിയൊരു അവാർഡ് രൂപം കൊള്ളുകയായിരുന്നു. ഭാരതരത്‌നത്തിനു പുറമേ താമരയുടെ സംസ്‌കൃതനാമത്തിൽ നമുക്ക് കുറേ പത്മപുരസ്‌കാരങ്ങളുണ്ട്. അതെല്ലാം അപ്പപ്പോഴത്തെ രാഷ്ട്രീയാവശ്യത്തിനുവേണ്ടി പ്രഖ്യാപിച്ചുവരുന്നതായും കിംവദന്തിയുണ്ട്. രാഷ്ട്രീയാവശ്യത്തിന്റെ പ്രതിഫലനം തന്നെയാണ് പുതുതായി പ്രഖ്യാപിച്ചിട്ടുള്ള പട്ടേൽ പുരസ്‌കാരത്തിലുള്ളതും. ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും ജവഹർ ലാൽ നെഹ്‌റുവിനു ചാർത്തിക്കൊടുത്തിരിക്കുന്നുവെന്ന പരാതി പലർക്കുമുള്ളതാണ്.
വല്ലഭായ് പട്ടേലിനു നൽകേണ്ടിയിരുന്ന പദവിയും പ്രശസ്തിയും വഴി തെറ്റിച്ചു കൊണ്ടുപോയി നമ്മുടെ രാഷ്ട്രീയധുരന്ധരന്മാർ എന്ന ആക്ഷേപം ബി ജെ പിക്കാർക്കു മാത്രമുള്ളതല്ല. ആ പശ്ചാത്തലത്തിലാണ് സർദാർ പട്ടേലിന്റെ ആകാശചുംബിയായ പ്രതിമ ഉയരുന്നതും അദ്ദേഹത്തിന്റെ പേരിൽ പുതിയൊരു പുരസ്‌കാരം നിലവിൽ വരുന്നതും. അതിന്റെ സ്ഥാപനത്തെച്ചൊല്ലിയും അതിനു തിരഞ്ഞെടുക്കപ്പെടുന്നവരുടെ യോഗ്യായോഗ്യതകളെപ്പറ്റിയും വിവാദപ്രവാഹം ഉണ്ടാകുമെന്നു തീർച്ച.
പുരസ്‌കാരം കൊടുത്തും വാങ്ങിയും ഓരോരുത്തർ പേരും പണവും സ്വാധീനവും ഒരുക്കൂട്ടിയെടുക്കുന്ന കാഴ്ച്ക കാണാൻ ബഹുരസം. പല സാഹിത്യ അവാർഡുകളും അർഹതയോടെ നേടിയ ആളായിരുന്നു ഡോക്ടർ ടശ. എം ജോർജ്. ഒരിക്കൽ ഡൽഹി വിമാനത്തിനുള്ള വരിയിൽ നിൽക്കുമ്പോൾ എന്റെ മുമ്പിലായി 'ഇന്ത്യൻ സാഹിത്യത്തിൽ ബന്ധം പണിയുന്നയാൾ' എന്നോ മറ്റോ അദ്ദേഹത്തിനിഷ്ടപ്പെടുമാറ് ഞാൻ വിശേഷിപ്പിച്ച ഡോക്ടർ ജോർജ് നിൽക്കുന്നു.
ഏതോ അവാർഡ് വാങ്ങാൻ പോവുകയായിരുന്നു. ആരു കൊടുക്കുന്നു, ചെലവ് എങ്ങനെ മുട്ടുന്നു എന്നൊന്നും ഒരു രൂപവുമില്ല. താമസമോ യാത്രയോ ഏർപ്പെടുത്താൻ അവാർഡ് ദാതാക്കൾക്ക് വകുപ്പില്ല. വേദിയിൽ എത്തിയാൽ അവാർഡും വാങ്ങി പോരാം, അത്ര തന്നെ. 'അറിയാം, അത്ര കേമമൊന്നുമല്ല, അവാർഡ് പലതും എന്റെ അലമാരയിലിരിക്കുന്നു, ഇതുകൂടി കിടക്കട്ടെടോ' എന്നായി ഡോക്ടർ.
പ്രശസ്തി കെ. കരുണാകരന്റെ ദൗർബല്യമായിരുന്നില്ല. വേണ്ടതിനും വേണ്ടാത്തതിനും, വേണ്ടപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം അറിയപ്പെട്ടിരുന്നു. ആരോ എഴുന്നള്ളിച്ചേറ്റുന്ന ഒരു അവാർഡ് വാങ്ങാൻ തല നീട്ടിക്കൊടുക്കുന്നയാളാണ് 'ലീഡർ' എന്നു ഞാൻ കരുതിയിരുന്നില്ല. ഒരു ദിവസം കേരള ഹൗസിൽ വെച്ചു കണ്ടപ്പോൾ അറിഞ്ഞു, അദ്ദേഹത്തെ ഭാരതപുത്രൻ(സൺ ഒഫ് ഇന്ത്യ) ആയി അവരോധിക്കാൻ പോകുന്നു. ആര്, എന്ത്, എന്തിന് എന്നൊന്നും അദ്ദേഹത്തിനറിയില്ല. ഏതോ പുരസ്‌കാരപൂരക്കാർ ഒരുക്കിയതാണ് പരിപാടി.
കെ. കരുണാകരനും അതുപോലുള്ള നാലഞ്ചു പേർക്കും അവാർഡ് കൊടുക്കുന്നു, കൂട്ടത്തിൽ അവരുമായി അടുപ്പം വാങ്ങാൻ പണം ചെിലവാക്കാൻ ആഗ്രഹിക്കുന്ന ചിലരും ആദരിക്കപ്പെടുന്നു. ആരോ വന്നു ക്ഷണിച്ചു, ലീഡർ ഏറ്റു അത്രയേ ഉള്ളു. അധികാരത്തിലും പദവിയിലുമിരിക്കുന്നവർ പുതിയ ബഹുമതികൾ സ്വീകരിക്കുന്നത് ആലോചിച്ചിട്ടാവണം, അന്വേഷിച്ചിട്ടാവണം. അതിനൊരു നയം വേണം. അധികാരദുർവിനിയോഗത്തിന്റെ തിരക്കിൽ അങ്ങനെ മൂല്യവിചാരം നടത്താൻ ആർക്കെവിടെ നേരം?
എല്ലാ അവാർഡുകളും പലപ്പോഴും പിഴച്ചു പോകാറുണ്ട്. ആർക്കും നിർദ്ദേശിക്കാം. ചരിത്രകാരനായ എ. ശ്രീധര മേനോന് പത്മഭൂഷൺ കിട്ടിയത് സംസ്ഥാനസർക്കാർ അറിഞ്ഞില്ല. ദർശൻ സിംഗ് മൈനിയുടെയും അമൃത പ്രീതത്തിന്റെയും മാധവിക്കുട്ടിയുടെയും പേരുകൾ നൊബേൽ പുരസ്‌കാരത്തിനു നിർദേശിക്കപ്പെട്ടെന്ന് വാർത്തയുണ്ടായിരുന്നു.
നൊബേൽ കമ്മിറ്റി അത് ഗൗനിച്ചില്ല. അതു മാത്രമല്ല, സമാധാനത്തിനുള്ള സമ്മാനം കൊടുക്കുമ്പോൾ നെഹ്രുവും പരിഗണിക്കപ്പെട്ടില്ല. പട്ടേലിനും പരിഗണന കിട്ടിയില്ലല്ലോ എന്നാകും അദ്ദേഹത്തിന്റെ നവ ആരാധകരുടെ ആവലാതി. നൊബേൽ പുസ്‌കാരം കിട്ടാതെ പോവുകയും അതുകൊണ്ടുതന്നെ അതിന്റെ തിളക്കം കുറക്കാൻ ഇടയാക്കുകയും ചെയ്ത ഒരാൾ കൂടിയുണ്ടായിരുന്നു: മോഹൻദാസ് കരംചന്ദ് ഗാന്ധി.