ജനപ്രതിനിധി സഭകളിലൂടേയും മറ്റധികാരകേന്ദ്രങ്ങളിലൂടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടേയും നീതി നടപ്പാകാതിരിക്കുമ്പോഴാണല്ലോ ജുഡീഷ്യൽ ആക്ടിവിസം ശക്തമാവുക. കേരളത്തിൽ ഇപ്പോൾ നടക്കുന്നതും മറ്റൊന്നല്ല. സർക്കാരിന് പരിഹരിക്കാനാവാത്ത, അല്ലെങ്കിൽ അതിനു തയ്യാറില്ലാത്ത എത്രയോ വിഷയങ്ങളിലാണ് സാക്ഷാൽ സുപ്രീംകോടതി തന്നെ ഇടപെട്ടിരിക്കുന്നത്. കോടതി ഇടപെടൽ സ്വാഭാവികമായും നിലവിലെ നിയമസംവിധാനത്തിനനുസരിച്ചായിരിക്കും. സ്വാഭാവികമായും അതിൽ വിട്ടുവീഴ്ച ലഭിക്കില്ല. ലഭിക്കുകയുമരുത്. ആൾക്കൂട്ടങ്ങളുടെ അഭിപ്രായമോ ഭൂരിപക്ഷ അഭിപ്രായമോ ഒന്നുമല്ല, ആ പ്രക്രിയകളിലൂടെയെല്ലാം കടന്നുപോയ ശേഷം നാം നടപ്പാക്കിയ നിയമസംവിധാനമനുസരിച്ചു തന്നെയാണ് വിധികൾ വരേണ്ടത്. സ്വാഭാവികമായും അതു നടപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനാവുകയും ചെയ്യും.
മരട് ഫഌറ്റ് പ്രശ്‌നം, സഭാ തർക്കം, ശബരിമല യുവതീ പ്രവേശനം, വയനാട് - മൈസൂർ വനയാത്രാ പ്രശ്‌നം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സുപ്രീംകോടതി ഇടപെടലിലൂടെ പരിഹരിക്കേണ്ടതായി ഇപ്പോൾ നിലനിൽക്കുന്നത്. അതിൽ മരടിലെ പ്രശ്‌നം അവസാനഘട്ടത്തിലേക്കു നീങ്ങുകയാണ്. നിയമവിരുദ്ധമായി പലതും നടക്കുന്നു എന്നു വെച്ച് കോടതിയിലെത്തിയ ഒരു നിയമവിരുദ്ധ പ്രവർത്തനത്തിനെതിരെ കണ്ണടക്കാൻ കോടതിക്കാവില്ലല്ലോ. തീർച്ചയായും കോടതി വിധി സ്വാഗതാർഹമാണ്.
പരിസ്ഥിതി നിയമങ്ങൾ നിരന്തരം ലംഘിക്കുന്ന കേരളീയർക്കും സർക്കാരിനും ഒരു ഷോക് ട്രീറ്റ്‌മെന്റുമാണ്. എന്നാൽ ഈ നിയമലംഘനത്തിനു കൂട്ടുനിന്ന പ്രസ്ഥാനങ്ങൾ ചെയ്തതെന്താണ്? കോടതിവിധി നടപ്പാക്കാതിരിക്കാനുള്ള മാർഗ്ഗങ്ങളന്വേഷിക്കാൻ സർക്കാർ തന്നെ സർവ്വകക്ഷിയോഗം വിളിക്കുകയായിരുന്നു. കോടിയേരിയും ചെന്നിത്തലയുമടക്കമുള്ളവർ സ്ഥലത്തെത്തി. നിങ്ങളെ ഒറ്റക്കായിരിക്കില്ല ഇറക്കിവിടുക എന്നുവരെ കോടിയേരി പറഞ്ഞു. എന്നാൽ കോടതി നിലപാട് കടുപ്പിച്ചതോടെ ആരും വരാതായെന്നാണ് ഫഌറ്റുടമകൾ പറയുന്നത്.
തീർച്ചയായും ഇവിടെ അനുമതി നൽകിയ അധികാരികളും ഫഌറ്റ് നിർമ്മാതാക്കളും കുറ്റവാളികൾ തന്നെയാണ്. അവസാനം അവരേയും കോടതി പിടികൂടിയെന്നത് സ്വാഗതാർഹമാണ്. നിർമ്മാതാക്കളുടെ സ്വത്തു പിടിച്ചെടുക്കാനും ഉടമകൾക്ക് നൽകുന്ന പരിഹാരം അവരിൽ നിന്ന് ഈടാക്കാനുമുള്ള വിധി, നീതിന്യായ സംവിധാനത്തിലെ നാഴികക്കല്ലാകുമെന്നുറപ്പ്. തീർച്ചയായും ഉടമകൾക്കും ഉത്തരവാദിത്തമുള്ളതിനാൽ കുറെ നഷ്ടം അവരും സഹിക്കുക തെന്ന വേണം. ഈ നിയമലംഘനത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഒഴിയാനുള്ള തീരുമാനം ഏറെക്കുറെ ഫഌറ്റുടമകൾ സ്വീകരിച്ചു കഴിഞ്ഞു. അവശേഷിക്കുന്നത് ചില്ലറ തർക്കങ്ങളാണ്. അപ്പോഴും പൊളിക്കൽ ഒരു ചെറിയ കടമ്പയാകില്ല എന്നുറപ്പ്.
സഭാതർക്കത്തിന്റെ കാര്യവും സമാനമാണ്. പരസ്പര ചർച്ചയിലൂടെ എന്നേ പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമായ വിഷയമായിരുന്നു അത്. എന്നാൽ ഒരു വിഭാഗത്തിനു പൂർണമായും പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ അവർ ശക്തമായ നിയമയുദ്ധം നടത്തി വിജയം നേടുകയായിരുന്നു. ഭൂരിപക്ഷം തങ്ങളാണെന്ന യാക്കോബായക്കാരുടെ രോദനത്തിൽ വലിയ കാര്യമൊന്നുമില്ല. പരസ്പരം സഹകരിച്ചാൽ ഇരുകൂട്ടർക്കും സ്വീകാര്യമാകുന്ന രീതിയിൽ പരിഹരിക്കാവുന്ന വിഷയമാണത്.
ശബരിമലയിൽ പക്ഷെ കാര്യങ്ങൾ വ്യത്യസ്തമാണ്. സുപ്രീം കോടതി യുവതീപ്രവേശനം അനുവദിച്ച് ഒരു വർഷമായിട്ടും അത് നടപ്പായില്ല. വിധി നടപ്പാക്കുമെന്നൊക്കെ പറഞ്ഞ കേരള സർക്കാരും മുഖ്യമന്ത്രിയുമൊക്കെ ലിംഗനീതിയെയും നവോത്ഥാനത്തേയും കുറിച്ചൊക്കെ പ്രസംഗിക്കുക മാത്രമാണ് ചെയ്തത്. മല കയറാൻ ശ്രമിച്ച യുവതികൾക്കെതിരെ കള്ളക്കേസുകൾ വരെയെടുത്തു. പ്രതിപക്ഷമാകട്ടെ സർക്കാർ വിശ്വാസികളെ വേദനിപ്പിച്ച് വിധി നടപ്പാക്കുന്നു എന്നാണാരോപിച്ചത്. വർഗീയശക്തികൾ തെരുവിൽ കലാപമഴിച്ചുവിടുകയും ചെയ്തു. പുതിയ സീസൺ ആരംഭിക്കാൻ പോകുമ്പോഴും വിഷയം സുപ്രീംകോടതിയിൽ തന്നെയാണ്. തുടക്കത്തിൽ പറഞ്ഞ പോലെ വിശ്വാസത്തിന്റേയോ ഭൂരിപക്ഷത്തിന്റേയോ വിഷയമല്ല ഇത്, ഭരണഘടനയും നീതിന്യായ സംവിധാനവും നിലനിൽക്കണോ എന്നതാണ് ചോദ്യം. എന്നാൽ വോട്ടിനെ ഭയപ്പെടുന്ന കേരളത്തിലെ എല്ലാ പ്രധാന പാർട്ടികളും ചേർന്ന് നീതിന്യായ സംവിധാനത്തെ തകർക്കുന്ന കാഴ്ചയാണ് ശബരിമലയിൽ തുടരുന്നത്.
മരട് വിഷയത്തിനു സമാനമാണ് ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള യാത്രാപ്രശ്‌നം. നമ്മുടെ വനം കയ്യേറ്റവും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർക്കലുമൊക്കെ അതിഭീകരമായപ്പോഴാണ് 10 വർഷം മുമ്പ് ഇതിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചത്. അതിനെതിരെ കേരളം നിയമയുദ്ധം തുടരുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഈ പാതയിൽ പകലും യാത്രാനിരോധനം ആയിക്കൂടെ എന്നും ബദൽ പാതയായി മാനന്തവാടി - കുട്ട - ഗോണിക്കുപ്പ പാത വികസിപ്പിച്ചു കൂടെ എന്നും സുപ്രീം കോടതി ചോദിക്കുകയുണ്ടായി. അങ്ങനെ സംഭവിച്ചാൽ വയനാട്ടിലെ കർഷകരേയും ഉത്തരകേരളത്തിൽനിന്ന് ബാംഗ്ലൂരും മൈസൂരും മറ്റും ജോലി ചെയ്യുന്നവരേയുമൊക്കെ രൂക്ഷമായി ബാധിക്കുമെന്നുറപ്പാണ്.
വയനാട്ടിലെ പൊതുവിലുള്ള സാമ്പത്തിക സംവിധാനത്തേയും അത് ബാധിക്കും. കോടതി പരാമർശത്തെ തുടർന്ന് ജനങ്ങൾ ഒന്നടങ്കം സമരരംഗത്താണ്. സുപ്രീം കോടതി നിലപാടിൽ ഉറച്ചുനിന്നാൽ മറ്റൊരു കരുക്കിലാകും സർക്കാരെത്തുക. അപ്പോഴും തുടക്കത്തിൽ പറഞ്ഞപോലെ നമ്മുടെ നിയമലംഘന പ്രവൃത്തികളും പരിസ്ഥിതി നശീകരണവും മറ്റുമാണ് ഇത്തരം വിധികളിലെത്തിക്കുന്നത് എന്നത് മറക്കരുത്. ഭാവിയിലെങ്കിലും സ്വയം മാറാൻ നാം തയ്യാറാകുന്നില്ലെങ്കിൽ ഇത്തരം സംഘർഷങ്ങൾ തുടരുകതന്നെ ചെയ്യും എന്നതിൽ സംശയമില്ല.