കോഴിക്കോട്- മലബാര്‍ മേഖലയിലെ സൗദി പ്രവാസികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയര്‍ ഇന്ത്യയുടെ ജിദ്ദാ-കരിപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ 24ന് ആരംഭിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എയര്‍ ഇന്ത്യ. വലിയ വിമാനം ഉപയോഗിച്ചുള്ള ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് താമസിയാതെ ആരംഭിക്കുമെന്നും ഷെഡ്യൂള്‍ തയാറാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ചെന്നൈയിലെ എയര്‍ ഇന്ത്യാ മേഖലാ ഓഫീസില്‍ നിന്ന് അറിയിച്ചതായി മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ. എം ബഷീര്‍ പറഞ്ഞു. ഒക്ടോബര്‍ 10ന് ബുക്കിങ് ആരംഭിക്കുമെന്നും 24ന് സര്‍വീസ് തുടങ്ങുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എയര്‍ ഇന്ത്യ അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വലിയ വൈഡ് ബോഡി വിമാനമായ ബോയിങ് 747-400 ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന് എയര്‍ ഇന്ത്യയ്ക്ക് ജൂലൈയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരുന്നു. സര്‍വീസ് വൈകുന്നതില്‍ പ്രവാസി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.