കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഓ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സ് പുറത്തു വിട്ടു. പാലം പണി നടക്കുന്നതിനിടെ മകന്റെ പേരില്‍ 3.30 കോടി രൂപയുടെ സ്വത്ത് വാങ്ങിയെന്നും ഇതില്‍ രണ്ടു കോടി കണക്കില്‍പ്പെടാത്ത കള്ളപ്പണമാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് പറയുന്നു. അഴിമതിയില്‍ സൂരജിന്റെ പങ്ക് വ്യക്തമാണെന്നും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് പറയുന്നു.
ബെനാമി പേരുകളില്‍ സൂരജ് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 2014ല്‍ ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 15 സെന്റ് ഭൂമിയും വീടും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തി. 3.30 കോടി വിനിയോഗിച്ചെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടി രൂപ മാത്രമാണ്. ബാക്കി തുക കള്ളപ്പണമാണെന്ന് സൂരജ് സമ്മതിച്ചതായി വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു. പാലാരിവട്ടം പാലം നിര്‍മാണം നടത്തിയ കമ്പനിയായ അര്‍ഡിഎക്‌സിന് 2014 ഓഗസ്റ്റിലാണ് 8.25 കോടി രൂപ മുന്‍കൂറായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതുകഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്കു ശേഷമാണ് സൂരജ് മകന്റെ പേരില്‍ ഭൂമി വാങ്ങിയത്.