റിയാദ്- വ്യവസായ മേഖലയിൽ നാളെ മുതൽ നടപ്പാക്കുന്ന ലെവിയിളവ് വിദേശ തൊഴിലാളികൾക്ക് മാത്രമേ ലഭിക്കൂവെന്നും ആശ്രിത ലെവിയിൽ മാറ്റമുണ്ടാകില്ലെന്നും വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ്. വിദേശ കമ്പനികളുമായി രാജ്യത്തിന്റെ വ്യാവസായിക മേഖലയുടെ മത്സരക്ഷമതയുയർത്താനാണ് അഞ്ചു വർഷത്തേക്കുള്ള ലെവിയിളവ്. നിലവിൽ വ്യാവസായിക ഉൽപന്നങ്ങൾ വൻതോതിൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സൗദിയിലെ വ്യാവസായിക മേഖലയെ സർക്കാരിന് ശക്തമായി പിന്തുണക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ലെവിയിളവ് തീരുമാനം. അതേസമയം, ആഭ്യന്തര ഉത്പാദന മേഖലയിൽ മത്സരമുള്ള ചെറുകിട-ഇടത്തര സ്ഥാപനങ്ങൾക്ക് ലെവിയിളവ് തീരുമാനം ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്ക് ലെവി ഇളവുണ്ടാകുമെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.