അബുദാബി- യു.എ.ഇയില്‍ സുപ്രധാന മേഖലകളില്‍ ഇരുപതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ നീക്കം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എമിറേറ്റിസൈഷന്‍ ഊര്‍ജിതമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്. ഇതിനായി 10 പ്രധാന തീരുമാനങ്ങളെടുത്തതായി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.
സ്വദേശിവല്‍ക്കരണം സജീവമായി നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ അതു പിന്തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പ്രാദേശിക സ്ഥാപനങ്ങള്‍ അതു ക്രമപ്പെടുത്തുകയും നിയമ, നയ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ചെയ്യും.
ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രഥമ തീരുമാനം. കൂടാതെ 18000 സ്വദേശി പൗരന്മാരെ തൊഴിലിനു പ്രാപ്തമാക്കുന്ന പരിശീലനങ്ങള്‍ക്കായി 30 കോടി ദിര്‍ഹമിന്റെ ഫണ്ടിനു അംഗീകാരവും നല്‍കി.
നികുതി വഴി ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സ്വദേശിവല്‍ക്കരണത്തിനു വേണ്ടി വിനിയോഗിക്കും. സ്വദേശികള്‍ക്ക് സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം നല്‍കി അവരെ തൊഴിലിനു പ്രതമാക്കും. പ്രതിവര്‍ഷം എട്ടായിരം പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കാനാവശ്യമായ തൊഴില്‍ പരിശീലനമാണ് നല്‍കുക.
സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തുല്യത നല്‍കുന്ന വിധം നിയമ ഭേദഗതിയുണ്ടാകും. തൊഴിലില്‍നിന്ന് വിരമിക്കുമ്പോഴുള്ള വേതന തോതില്‍ ഭേദഗതി പ്രതിഫലിക്കും. പുതിയ മന്ത്രിസഭാ തീരുമാനപ്രകാരം സ്വകാര്യ മേഖലയില്‍ 160 തസ്തികകള്‍ സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തേണ്ടി വരും. ഇവയില്‍ കൂടുതലും അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസിംഗ് തസ്തികകളാണ്. സ്വകാര്യവല്‍ക്കരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും തോത് പൂര്‍ത്തീകരിക്കണം. സ്വദേശിവല്‍ക്കരണത്തിനു സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തികളെ സര്‍ക്കാര്‍ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.