തിരുവനന്തപുരം- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടികയായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കില്ല. യുവമോർച്ചാ നേതാവ് എസ്. സുരേഷാണ് ബി.ജെ.പി സ്ഥാനാർത്ഥി. കോന്നിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് സി.ജി രാജഗോപാലും അരൂരിൽ കെ.പി പ്രകാശ് ബാബുവും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും മത്സരിക്കും. വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. മത്സരിക്കാനുളള സാധ്യതയെ കുമ്മനം തള്ളിയിരുന്നില്ല. വട്ടിയൂർക്കാവിൽ കുമ്മനം തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാൽ എം.എൽ.എയും വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം കുമ്മനത്തോട് താൽപര്യം കാട്ടാത്തതാണ് വട്ടിയൂർക്കാവിൽ അദ്ദേഹത്തിന് വിനയായത്. വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിന് എതിരെ പ്രാദേശിക തലത്തിലും തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് തൽക്കാലം കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണം നിർത്തിവെക്കാനും ദേശീയ നേതൃത്വം നിർദ്ദേശം നൽകി. ഇതിനിടെയാണ് പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്.