ജിദ്ദ- മേജർ ജനറൽ അബ്ദുൽ അസീല് അൽ ഫഗ്ഹാം കൊല്ലപ്പെട്ടത് സ്വകാര്യ തർക്കത്തിൽ. തന്റെ സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ വെച്ചാണ് അബ്ദുൽ അസീസ് ഫഗ്ഹാം കൊല്ലപ്പെടുന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. സബ്ത്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇരുവരുടെയും പൊതുസുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ അൽ ആൽ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവർക്കുമിടയിലെ തർക്കം പറഞ്ഞുകൊണ്ടിരിക്കെ ദേഷ്യം പിടിച്ച് ഇറങ്ങിപ്പോയ മൻദൂബ് ബിൻ മിശ്അൽ തോക്കുമായി തിരിച്ചെത്തുകയായിരുന്നു. ഇയാൾ ഉടൻ തന്നെ അബ്ദുൽ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിർത്തു. വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടൻ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. എന്നാൽ പ്രതി കീഴടങ്ങാൻ തയ്യാറായില്ല. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രതി മൻദൂബ് ആലി കൊല്ലപ്പെടുകയും ചെയ്തു. അബ്ദുൽ അസീസ് ഫഗ്ഹമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീഫ്രീ ദാൽവിനോ സർബോസിയീംഗാണ് പരിക്കേറ്റ ഫിലിപ്പീനി. ഇതിന് പുറമെ അഞ്ചു സുരക്ഷ സൈനികർക്കും പരിക്കുണ്ട്. ഇവർ ആശുപത്രിയിലാണ്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പോലീസ് വക്താവ് അറിയിച്ചു.
അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ അസീസ് ഫഗ്ഹം പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായാണ് അബ്ദുൽ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേൾഡ് അക്കാദമി ഫോർ ട്രെയ്‌നിംഗ് ആന്റ് ഡവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാർഡായി തെരഞ്ഞെടുത്തത്. ഇദ്ദേഹത്തോളം മികച്ച മറ്റൊരു പ്രൈവറ്റ് ഗാർഡില്ല എന്നായിരുന്നു ലോകത്ത് തന്നെ അറിയപ്പെട്ടിരുന്നത്. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം ഫഹം കൂടെയുണ്ടാകുമായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം മക്കയിലെ മസ്ജിദുൽ ഹറമിൽ നടക്കും.