കൊച്ചി- സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങാനിരിക്കെ ഫ്‌ളാറ്റ് ഉടമ നിരാഹാര സമരം ആരംഭിച്ചു. ഒഴിയാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പൊളിക്കാനിരിക്കുന്ന ഫ്‌ളാറ്റുകളിലൊന്നായ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനു മുന്നില്‍ ഉടമ ജയകുമാറാണ് നിരാഹാരമിരിക്കുന്നത്. മറ്റുള്ളവരും പ്രതിഷേധ സമരവുമായി വീണ്ടും രംഗത്തെത്തി. ഒഴിയാന്‍ മതിയായ സമയം അനുവദിക്കുക, ഒഴിയുന്നതിനു മുമ്പു തന്നെ കോടതി നിര്‍ദേശിച്ച താല്‍ക്കാലിക നഷ്ടപരിഹാരത്തുക നല്‍കുക എന്നാണ് ഇവരുടെ ആവശ്യം.
ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് താമസക്കാര്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരമാണ് ഇന്ന് ഒഴിപ്പിക്കല്‍ തുടങ്ങുന്നത്. ഇതൊടൊപ്പം പൊളിക്കാനുള്ള മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ചെയ്തു തീര്‍ക്കുന്നുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.
ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി നാലു ദിവസത്തേക്കു വെള്ളം, വൈദ്യുതി ബന്ധം ബന്ധം പുനസ്ഥാപിക്കുമെന്ന് പൊളിക്കല്‍ ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതില്‍ ബലപ്രയോഗമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിനകം കരാറാകും. 11നു പൊളിച്ചു തുടങ്ങും.
സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളിലായി 150ഓളം സ്ഥിരതാമസക്കാരാണ് ഉള്ളത്. സാധനങ്ങള്‍ പാക്ക് ചെയ്യാനും മാറ്റാനും സര്‍ക്കാര്‍ സഹായിക്കും. ഒഴിയുന്നവര്‍ക്കായി 500 താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ തയാറാണ്.