റിയാദ് - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വർഷം സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച വിസകളിൽ 29 ശതമാനം കുറവ് രേഖപ്പെടുത്തിയതായി മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി. 2016 ൽ സ്വകാര്യ മേഖലക്ക് 14 ലക്ഷം തൊഴിൽ വിസകളാണ് മന്ത്രാലയം അനുവദിച്ചത്. 2015 ൽ 19.7 ലക്ഷം വിസകൾ അനുവദിച്ചിരുന്നു. മൂന്നു വർഷത്തിനിടെ ആദ്യമായാണ് തൊഴിൽ വിസകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്.
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനെ നാഷണൽ ലേബർ ഗേറ്റ്‌വേ (താഖാത്ത്) പ്രോഗ്രാമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളിൽ ലഭ്യമായ മുഴുവൻ തൊഴിൽ അവസരങ്ങളെയും കുറിച്ച് താഖാത്ത് പോർട്ടലിൽ പരസ്യപ്പെടുത്തൽ നിർബന്ധമാണ്. ഒഴിവുകൾ നികത്തുന്നതിന് യോഗ്യരായ സൗദി ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന് പൂർണമായും ഉറപ്പു വരുത്തിയ ശേഷമാണ് വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കുന്നത്.
സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച തൊഴിൽ വിസകളിൽ 29 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോൾ ഗാർഹിക തൊഴിലാളികൾക്കുള്ള വിസകളിൽ കഴിഞ്ഞ കൊല്ലം 14 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ കൊല്ലം 11.4 ലക്ഷം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകൾ അനുവദിച്ചു. സർക്കാർ വകുപ്പുകൾക്ക് അനുവദിച്ച തൊഴിൽ വിസകളിൽ 81 ശതമാനം വർധനവുണ്ട്. കഴിഞ്ഞ കൊല്ലം സർക്കാർ വകുപ്പുകൾക്ക് 1,42,800 തൊഴിൽ വിസകൾ അനുവദിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം അനുവദിച്ച വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ഏഴു വർഷത്തിനിടെ ആദ്യമായാണ് വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. കഴിഞ്ഞ കൊല്ലം സ്വകാര്യ മേഖലയിലെ 82.5 ലക്ഷം വിദേശികൾക്കാണ് മന്ത്രാലയം വർക്ക് പെർമിറ്റ് അനുവദിച്ചത്. 2016 ൽ സ്‌പോൺസർഷിപ്പ് മാറ്റിയ തൊഴിലാളികളുടെ എണ്ണത്തിൽ 21 ശതമാനം കുറവുണ്ടായി. കഴിഞ്ഞ കൊല്ലം 4,80,000 വിദേശ തൊഴിലാളികളാണ് സ്‌പോൺസർഷിപ്പ് മാറ്റിയതെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ കൊല്ലം അഞ്ചര ലക്ഷത്തോളം വിസാ അപേക്ഷകൾ നിരസിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 8,49,228 വിസാ അപേക്ഷകളാണ് 2016 ൽ ഓൺലൈൻ വഴി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് ലഭിച്ചത്. ഇതിൽ 5,33,016 അപേക്ഷകൾ മന്ത്രാലയം തള്ളിക്കളഞ്ഞു. 3,16,212 അപേക്ഷകൾ മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞ വർഷം ഓൺലൈൻ വിസാ സേവനം വഴി ലഭിച്ച അപേക്ഷകളിൽ 62.77 ശതമാനവും തള്ളിക്കളയുകയാണ് മന്ത്രാലയം ചെയ്തത്. 37.24 ശതമാനം അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്.