റിയാദ് - ടൂറിസ്റ്റ് വിസയിലെത്തുന്ന വിനോദ സഞ്ചാരികൾ അനധികൃതമായി രാജ്യത്ത് തങ്ങിയാൽ ഓരോ ദിവസത്തിനും 100 റിയാൽ വീതം പിഴ നൽകേണ്ടി വരുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് വ്യക്തമാക്കി. ഓരോ സന്ദർശനത്തിനിടെയും പരമാവധി മൂന്നു മാസം ടൂറിസ്റ്റ് വിസക്കാർക്ക് സൗദിയിൽ തങ്ങാനാകും. ഒരോ തവണയും രാജ്യത്ത് തങ്ങുന്ന പരമാവധി കാലം 90 ദിവസത്തിൽ കൂടാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. നിശ്ചിത സമയത്തിനകം രാജ്യം വിടാതെ അനധികൃതമായി തങ്ങുന്നവർക്ക് ഓരോ ദിവസത്തിനും 100 റിയാൽ തോതിൽ പിഴ ചുമത്താനാണ് തീരുമാനം.
ടൂറിസ്റ്റ് വിസ ദീർഘിപ്പിക്കാൻ കഴിയില്ല. വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിട്ട് പുതിയ വിസക്ക് അപേക്ഷിക്കണം. ജോലിയുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തുന്ന മാധ്യമ പ്രവർത്തകർ പ്രത്യേക ലൈസൻസ് നേടിയിരിക്കണം. പതിനെട്ടും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രത്യേകം പ്രത്യേകം വിസാ അപേക്ഷകൾ നൽകണം.
പതിനെട്ടു വയസ്സിനു താഴെയുള്ളവർക്ക് ടൂറിസ്റ്റ് വിസ ലഭിക്കാൻ രക്ഷാകർത്താവും വിസ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. രക്ഷിതാവ് കൂടെയില്ലാതെ പതിനെട്ടിൽ താഴെ പ്രായമുള്ളവർക്ക് വിസ അനുവദിക്കില്ല. ടൂറിസ്റ്റ് വിസ അപേക്ഷകരുടെ പാസ്‌പോർട്ടുകൾക്ക് ആറു മാസത്തിൽ കുറയാത്ത കാലാവധിയുണ്ടായിരിക്കണം. ഈ വ്യവസ്ഥ അമേരിക്കക്കാർക്ക് ബാധകമല്ല. പാസ്‌പോർട്ട് കാലാവധി അവസാനിച്ച് ആറു മാസം വരെ അമേരിക്കക്കാർക്ക് വിസാ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇ-വിസയും ഓൺഅറൈവൽ വിസയും ലഭിക്കുന്ന 49 രാജ്യക്കാർ റിട്ടേൺ ടിക്കറ്റും സൗദിയിലെ താമസത്തിന് ഹോട്ടൽ ബുക്കിംഗ് നടത്തിയതിന്റെ രേഖകളും സമർപ്പിക്കേണ്ടതില്ല. സൗദി പൗരന്മാരും സൗദിയിൽ കഴിയുന്ന വിദേശികളും ഗൾഫ് പൗരന്മാരും അല്ലാത്തവർക്ക് സൗദിയിൽ പ്രവേശിക്കാൻ വിസ ആവശ്യമാണ്.
49 രാജ്യക്കാർക്ക് സൗദിയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പായി ഇ-വിസ നേടാൻ സാധിക്കും. കൂടാതെ ഇത്തരക്കാർക്ക് സൗദിയിലെത്തുന്ന മുറക്ക് ഓൺഅറൈവൽ വിസയും ലഭിക്കും. ജവാസാത്ത് കൗണ്ടറുകളിൽ നിന്നും സെൽഫ് സർവീസ് ഉപകരണങ്ങൾ വഴിയുമാണ് ഓൺഅറൈവൽ വിസ ലഭിക്കുക.
ഇത്തരക്കാരുടെ പക്കൽ വിസാ ഫീസ് അടയ്ക്കുന്നതിന് അന്താരാഷ്ട്ര പെയ്‌മെന്റിന് യോജിച്ച ബാങ്ക് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഉണ്ടായിരിക്കണം. ഇ-വിസ, ഓൺഅറൈവൽ വിസ ആനുകൂല്യങ്ങൾ ലഭിക്കാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ സ്വന്തം രാജ്യങ്ങളിലെ സൗദി എംബസികളിൽ നിന്നും കോൺസുലേറ്റുകളിൽ നിന്നുമാണ് ടൂറിസ്റ്റ് വിസ നേടേണ്ടത്.
ടൂറിസ്റ്റ് വിസകളിലെത്തുന്ന വനിതകളെ പുരുഷന്മാരായ അടുത്ത ബന്ധുക്കൾ (മഹ്‌റം) ഒപ്പമില്ലാതെയും ഉംറ കർമം നിർവഹിക്കാൻ അനുവദിക്കും. ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ ചെയ്യുന്നതിന് അനുവദിക്കില്ല. യോഗങ്ങൾ, ശിൽപശാലകൾ എന്നിവയടക്കം തൊഴിൽ കരാർ ആവശ്യമില്ലാത്ത, ജോലിയാവശ്യാർഥമുള്ള ഹ്രസ്വ യാത്രകൾക്ക് ടൂറിസ്റ്റ് വിസ ഉപയോഗിക്കാവുന്നതാണ്.
ടൂറിസ്റ്റ് വിസക്ക് 300 റിയാലാണ് ഫീസ്. ഹെൽത്ത് ഇൻഷുറൻസ് ഫീസ് ആയി 140 റിയാലും അടക്കണം. ഇതിനു പുറമെ മൂല്യവർധിത നികുതിയും വഹിക്കേണ്ടിവരും.