കൊച്ചി- മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനം വഴി പൊളിക്കാൻ ധാരണ. ക്രെയിനുകൾ ഉപയോഗിച്ച് പൊളിക്കുന്നത് കാല താമസം സൃഷ്ട്ടിക്കുമെന്നതിനാലാണ് നിയന്ത്രിത സ്‌ഫോടനം വഴി ഫ്ളാറ്റുകൾ പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫോർട്ട്‌കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാറാണ് ഇക്കാര്യമറിയിച്ചത്. നാല് ഫ്ളാറ്റുകളും ഒരുമിച്ചായിരിക്കും പൊളിക്കുക. ഒക്ടോബർ ഒമ്പതിന് മുമ്പ് പൊളിക്കാനുള്ള ഏജൻസിയുമായി കരാറൊപ്പിടും.
138 ദിവസമാണ് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി അനുവദിച്ചിട്ടുള്ള സമയം. അതിനാൽ കാലവിളംബമില്ലാതെ നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ സംവിധാനങ്ങൾ. നടപടികൾക്ക് മേൽനോട്ടം നൽകാൻ ചീഫ് സെക്രട്ടറി ടോം ജോസ് കൊച്ചിയിലെത്തി. മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിക്കൽ സുപ്രീം കോടതിയിൽ അറിയിച്ചത് പ്രകാരം നടക്കുമെന്നും സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നീക്കമെന്നും ടോം ജോസ് വ്യക്തമാക്കി.
നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് പറഞ്ഞു. നാളെ ഫ്ളാറ്റുകൾ ഉള്ളവരെ കണ്ട് സംസാരിക്കുകയും സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും ഫ്‌ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സഹായവും നഗരസഭ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയൊഴിപ്പിക്കൽ പൂർത്തിക്കി കഴിഞ്ഞാൽ ഉടൻ തന്നെ ഫ്ളാറ്റുകൾ പൊളിക്കലിലേക്ക് സർക്കാർ കടക്കും. ബലം പ്രയോഗിക്കാതെ താമസക്കാരെ ഒഴിപ്പിക്കാനായിരിക്കും നഗരസഭ ശ്രമിക്കുക. താമസക്കാരുടെ പുനരധിവാസത്തിന് ഇവരെ ജില്ലയിൽ കണ്ടെത്തിയ 500 ഫ്ളാറ്റുകളിലേക്ക് മാറ്റാനാണ് സർക്കാരിന്റെ തീരുമാനം. ഇവയുടെ വാടക ഫ്ളാറ്റു ഉടമകൾ നൽകണം.
വീട്ടുപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റുന്ന സ്വകാര്യ ഏജൻസികളോട് ചാർജ് കുറച്ച് സഹകരിക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. താൽകാലിക പുനരധിവാസം ആവശ്യം ഉള്ളവർക്ക് നാളെയും അപേക്ഷിക്കാം. നഷ്ടപരിഹാരം കൈമാറാൻ ഫ്‌ലാറ്റ് ഉടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കും. ശേഷം അഞ്ച് ഫ്ളാറ്റുകൾ പൊളിക്കൽ നടപടികൾ ഒരേ സമയത്ത് തന്നെ തുടങ്ങാനാണ് തീരുമാനം.