കോട്ടയം - പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലി കേരള കോൺഗ്രസിൽ ഉടലെടുത്ത ഭിന്നത പൊട്ടിത്തെറിയിലേക്ക്. ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങൾ തമ്മിലുളള പോര് മുറുകി. പരാജയത്തിന് കാരണം ജോസഫാണെന്ന് പരോക്ഷമായി സൂചിപ്പിച്ച ജോസ് കെ.മാണിക്കെതിരെ ജോസഫ് രംഗത്തെത്തി. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും ജോസഫിനെതിരെ രംഗത്തെത്തി. തോൽവിക്കു പിന്നിലെ വില്ലൻ ജോസഫാണെന്നും ജോസഫിനെ നിയന്ത്രിക്കാൻ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടതായും ജോസ് ടോം പറഞ്ഞു.
തോൽവിക്കു കാരണം താനല്ലെന്നും പൂർണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്നും ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എന്ന് അടച്ചു പറയുന്നതിനു പകരം പരാജയത്തിന്റെ യഥാർഥ കാരണക്കാർ ആരെന്ന് യു.ഡി.എഫ് പരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
എന്നാൽ ഇതിനു തൊട്ടുപിന്നാലെ സ്ഥാനാർഥിയായിരുന്ന ജോസ് ടോം ജോസഫിനെതിരെ രംഗത്തെത്തി. പത്രികാ സൂക്ഷ്മ പരിശോധനയിലും ജോസഫിന്റെയാളുകൾ പ്രശ്‌നമുണ്ടാക്കിയെന്നും പരാജയത്തിന്റെ സൂത്രധാരൻ ജോസഫാണെന്നും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ വിലക്കേണ്ടത് ജോസഫായിരുന്നെന്നും ജോസ് ടോം പറഞ്ഞു. പട്ടിയെ നിയന്ത്രിക്കേണ്ട ചുമതല അതിന്റെ ഉടമസ്ഥനാണെന്നായിരുന്നു ജോസ് ടോമിന്റെ ഉദാഹരണം. ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിനെയും ജോസ് ടോം രൂക്ഷമായി വിമർശിച്ചു. ജോയ് എബ്രഹാം തെരഞ്ഞെടുപ്പിൽ ഒരു പ്രവർത്തനവും നടത്തിയില്ല. ജോയ് എബ്രഹാമിനെ നിയന്ത്രിക്കാൻ ജോസഫിനായില്ലെന്നും ജോസ് ടോം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നില്ലെന്ന ജോയ് എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് ദിനത്തിലെ പ്രസ്താവന വിവാദമായിരുന്നു.
യു.ഡി.എഫ് നേതൃത്വത്തിനുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസിൽ ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുകയാണ്. പരാജയത്തെച്ചൊല്ലി യു.ഡി.എഫ് പ്രാദേശിക തലത്തിലും അസ്വാരസ്യങ്ങൾ ഉയർന്നിട്ടുണ്ട്. പാലായിൽ കേരള കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് പതാക കത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ടില ചിഹ്നം കിട്ടാത്തതാണ് പരാജയത്തിനു കാരണമെന്ന് ജോസ് വിഭാഗം ആരോപിക്കുന്നു. എന്നാൽ രണ്ടില ചിഹ്നം വേണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന് ജോസഫ് പറഞ്ഞു. രണ്ടിലയല്ല മാണി സാർ ആണ് ചിഹ്നമെന്ന് ജോസ് ടോം പറഞ്ഞിരുന്നു. ചിഹ്നം വേണമെങ്കിൽ ചോദിക്കണമായിരുന്നുവെന്നും ചോദിച്ചിരുന്നെങ്കിൽ നൽകാൻ തയാറായിരുന്നു എന്നും ജോസഫ് കുറ്റപ്പെടുത്തി. ചിഹ്നം ആവശ്യപ്പെട്ടുള്ള കത്ത് കിട്ടിയത് അവസാന നിമിഷമാണ്. ജോസ് വിഭാഗത്തിന്റെ അനാവശ്യ പ്രസ്താവനകൾ ആണ് തോൽവിക്ക് കാരണം. ചിഹ്നം കിട്ടാത്തതിന്റെ ഉത്തരവാദിത്തം ജോസ് വിഭാഗത്തിനാണെന്നും ജോസഫ് പറഞ്ഞു.