തിരുവനന്തപുരം- നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എം.ബി.ബി.എസ് പ്രവേശനം നേടിയ കേസിലെ മുഖ്യ സൂത്രധാരനായ മലയാളി കൂടുതൽ തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച്. തമിഴ്‌നാട് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോർജ് ജോസഫ് പണം വാങ്ങി പകരം ആളുകളെ പരീക്ഷയ്ക്ക് ഏർപ്പാടാക്കിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. തിരുവനന്തപുരത്തെ കോച്ചിംഗ് സെന്റർ ഉടമയാണ് ജോർജ് ജോസഫ്. ഇയാളുടെ സംഘത്തിലെ വെല്ലൂർ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബംഗളൂരു സ്വദേശി റാഫി എന്നിവർക്കായി പോലീസ് തെരച്ചിൽ തുടങ്ങി. ഷാഫിയാണ് ആൾമാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നൽകിയിരുന്നത്. ഇരുപത്തി മൂന്ന് ലക്ഷം രൂപ ഈടാക്കിയാണ് ഇയാൾ പകരം ആളുകളെ പരീക്ഷ എഴുതാനായി കണ്ടെത്തിയിരുന്നത്. പരീക്ഷക്ക് മുമ്പ് ഒരു ലക്ഷം രൂപ നൽകണം. പ്രവേശനം ഉറപ്പാകുമ്പോൾ ബാക്കി തുകയും നൽകണം എന്നായിരുന്നു കരാർ. ഇത്തരത്തിൽ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി മുഹമ്മദ് ഇർഫാൻ മൗറീഷ്യസിലേക്ക് കടന്നതായി പോലീസ് വ്യക്തമാക്കി. ആൾമാറാട്ടം കണ്ടെത്തി പോലീസിനെ അറിയിച്ച തേനി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചു. കോളേജിലെ രണ്ടു ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് സൂചന. തമിഴ്‌നാട്ടിലെ വിവിധ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളായ ഉദിത്ത് സൂര്യ, അഭിരാമി, പ്രവീൺ രാഹുൽ എന്നിവരും ഇവരുടെ രക്ഷിതാക്കളുമാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്.