റിയാദ് - സ്‌നാപ് ചാറ്റ് കണ്ണടകൾ എന്ന പേരിൽ അറിയപ്പെടുന്ന ക്യാമറകൾ അടങ്ങിയ കണ്ണടകൾ തടയാൻ എയർപോർട്ടുകളിലും അതിർത്തികളിലുമുള്ള ഉദ്യോഗസ്ഥർക്ക് സൗദി കസ്റ്റംസ് നിർദേശം നൽകി. ക്യാമറകൾ അടങ്ങിയ കണ്ണടകൾക്ക് ക്ലിയറൻസ് നൽകരുതെന്നാണ് നിർദേശം.
വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ കഴിയുന്ന ക്യാമറ കണ്ണടകളാണിത്. സ്‌നാപ് ചാറ്റ് ഉപയോക്താക്കൾ ഇത് സൗദിയിൽ ഉപയോഗിച്ചു തുടങ്ങിയ പശ്ചാത്തലത്തിലാണ് സൗദി കസ്റ്റംസ് അടിയന്തര നിർദേശം നൽകിയത്.
രഹസ്യ ചിത്രീകരണത്തിനും ചാരവൃത്തിക്കും ഉപയോഗിക്കുന്ന, വാച്ച്, പേന, സൺഗ്ലാസ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സിഗർലൈറ്റർ തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത് നേരത്തെ സൗദി അറേബ്യ വിലക്കിയിരുന്നു. ഇവക്ക് സദൃശമാണ് സ്‌നാപ് ചാറ്റ് കണ്ണടകൾ. 30 സെക്കന്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ചിത്രീകരിച്ച് മെമ്മറിയിൽ സൂക്ഷിക്കുന്നതിന് സ്‌നാപ് ചാറ്റ് കണ്ണടകൾക്ക് സാധിക്കും. 130 ഡോളറാണ് (488 സൗദി റിയാൽ) വില.