റിയാദ് - സൗദിയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ പാലിക്കേണ്ട മര്യാദകൾ ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികൾക്ക് രാജ്യത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നുകൊടുത്ത പശ്ചാത്തലത്തിലാണ് വിദേശ ടൂറിസ്റ്റുകൾ കണിശമായും പാലിക്കേണ്ട മര്യാദകൾ സൗദി അറേബ്യ പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് 50 റിയാൽ മുതൽ 3,000 റിയാൽ വരെ പിഴ ലഭിക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴ ലഭിക്കും.
പൊതുസ്ഥലങ്ങളിൽ സ്ത്രീപുരുഷന്മാർ മാന്യമായ വസ്ത്രധാരണം പാലിക്കൽ നിർബന്ധമാണ്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. പൊതു സംസ്‌കാര നിയമാവലി നിർണയിക്കുന്ന നിയമ ലംഘനങ്ങളും ശിക്ഷകളും
നിയമ ലംഘനത്തിനുള്ള പിഴ. ആവർത്തിച്ചാൽ ഇരട്ടിതുക പിഴ ലഭിക്കും.
1. ലൈംഗീകച്ചുവയുള്ള, ലജ്ജയുണ്ടാക്കുന്ന പെരുമാറ്റങ്ങൾ 3,000 റിയാൽ.
2. മുൻകൂട്ടി അനുമതി വാങ്ങാതെ ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ 500 റിയാൽ.
3. ബാങ്കിനും നമസ്‌കാരത്തിനുമിടെ സംഗീതം വെക്കൽ 1,000 റിയാൽ.
4. വളർത്തു മൃഗങ്ങളുടെ മാലിന്യങ്ങൾ ഉടമകൾ നീക്കം ചെയ്യാതിരിക്കൽ 100 റിയാൽ.
5. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിൽ തുപ്പുക, മാലിന്യങ്ങൾ ഉപേക്ഷിക്കുക 5,00 റിയാൽ
6. വയോജനങ്ങൾക്കും വികലാംഗർക്കും നീക്കിവെച്ച സീറ്റുകൾ ഉപയോഗിക്കുക 2,00 റിയാൽ
7. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ബാരിക്കേഡുകൾ മറിക്കുക 5,00 റിയാൽ
8. പൊതുസ്ഥലങ്ങളിൽ അനുയോജ്യമല്ലാത്ത വസ്ത്രധാരണം 100 റിയാൽ
9. പൊതുസ്ഥലങ്ങളിൽ അടിവസ്ത്രങ്ങളും ഉറക്ക വസ്ത്രങ്ങളും ധരിക്കുക 100 റിയാൽ
10. ലജ്ജയുണ്ടാക്കുന്നതും പൊതുസംസ്‌കാരത്തിന് നിരക്കാത്തതുമായ വാചകങ്ങളും ഫോട്ടോകളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കൽ 100 റിയാൽ
11. വംശീയതയും വിഭാഗീയതയും ഇളക്കിവിടുന്ന വാചകങ്ങളും ഫോട്ടോകളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങളും, നിരോധിത വസ്തുക്കളും അനാശാസ്യവും പ്രചരിപ്പിക്കുന്ന വാചകങ്ങളും ഫോട്ടോകളും അടയാളങ്ങളും അടങ്ങിയ വസ്ത്രങ്ങളും പൊതുസ്ഥലങ്ങളിൽ ധരിക്കൽ 500 റിയാൽ 1
12. ലൈസൻസില്ലാതെ വാഹനങ്ങളിലും പൊതുസ്ഥലങ്ങളിലെ ഭിത്തികളിലും എഴുതൽ, ചിത്രം വരക്കൽ 100 റിയാൽ
13. വംശീയത ഇളക്കിവിടുകയും നിരോധിത വസ്തുക്കളും അശ്ലീലതയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഫോട്ടോകളും വാചകങ്ങളും വാഹനങ്ങളിൽ പതിക്കൽ 100 റിയാൽ
14. ലൈസൻസില്ലാതെ വാണിജ്യ പോസ്റ്ററുകളും ബ്രോഷറുകളും പൊതുസ്ഥലങ്ങളിൽ പതിക്കൽ, വിതരണം ചെയ്യൽ 100 റിയാൽ
15. പൊതുസ്ഥലങ്ങളിൽ പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളിലും പാർക്കുകളിലും തീ കത്തിക്കൽ 100 റിയാൽ
16. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുകയോ അവരെ ഭീതിപ്പെടുത്തുകയോ അപകടത്തിലാക്കുകയോ ചെയ്യുന്ന വാക്കുകൾ, പ്രവൃത്തികൾ 100 റിയാൽ
17. പൊതുസ്ഥലങ്ങളിൽ ക്യൂ മറികടക്കൽ 50 റിയാൽ
18. മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്നതിനും അവരെ ഭീതിപ്പെടുത്തുന്നതിനും അപകടത്തിലാക്കുന്നതിനും ഇടയാക്കുന്ന നിലക്ക് ലേസർ ലൈറ്റുകൾ പോലെയുള്ള ശല്യപ്പെടുത്തുന്ന ലൈറ്റുകൾ ഉപയോഗിക്കൽ 100 റിയാൽ
19. അനുമതി വാങ്ങാതെ ആളുകളെ ചിത്രീകരിക്കലും ബന്ധപ്പെട്ട കക്ഷികളിൽ നിന്ന് അനുമതി വാങ്ങാതെ കുറ്റകൃത്യങ്ങളും അപകടങ്ങളും ചിത്രീകരിക്കലും 1,000 റിയാൽ