Sorry, you need to enable JavaScript to visit this website.

താരം വാരം

എണ്ണയിട്ട യന്ത്രം

ഈ വർഷം രണ്ടാമത്തെ ഗ്രാന്റ്സ്ലാം കിരീടം നേടിയതോടെ റോജർ ഫെദരർ ലോക ടെന്നിസ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. വിംബിൾഡണിനു മുമ്പ് അഞ്ചാം റാങ്കായിരുന്നു. പതിനാറാം സ്ഥാനത്താണ് കഴിഞ്ഞ സീസൺ ഫെദരർ അവസാനിപ്പിച്ചത്. 
2016 ലെ വിംബിൾഡൺ സെമിയിൽ മിലോസ് റാവോനിച്ചിനോട് തോറ്റ ശേഷം റോജർ ഫെദരർ ഒരു തീരുമാനമെടുത്തു. ഒളിംപിക്‌സും യു.എസ് ഓപണുമുൾപ്പെടെ നഷ്ടപ്പെടുമെന്നറിയാമായിരുന്നിട്ടും വിശ്രമമെടുക്കാനായിരുന്നു തീരുമാനം. പരിക്കേറ്റ കാൽമുട്ടിന് വിശ്രമം നൽകാനായിരുന്നു ഇത്. അതോടെ ലോക റാങ്കിംഗിൽ പതിനേഴാം സ്ഥാനത്തേക്ക് ഫെദരർ കൂപ്പുകുത്തി. 2000 ജനുവരിക്കു ശേഷം ഏറ്റവും താഴ്ന്ന റാങ്കിംഗ്. പക്ഷെ വിശ്രമം ഫെദരർക്ക് പുതിയ ഊർജം പകർന്നു. തിരിച്ചുവരവിൽ ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപൺ നേടി. 2012 നു ശേഷം ഫെദരറുടെ ആദ്യ ഗ്രാന്റ്സ്ലാം വിജയമായിരുന്നു അത്. ഇന്ത്യൻവെൽസ്, മയാമി മാസ്റ്റേഴ്‌സിൽ ചാമ്പ്യനായി. ക്ലേ കോർട് സീസണിൽ റഫായേൽ നദാൽ പൂർണ ആധിപത്യം പുലർത്തുമെന്ന് മനസ്സിലാക്കി ആ സീസൺ മുഴുവൻ വിട്ടുനിന്ന് വിംബിൾഡണിന് മുന്നോടിയായി തിരിച്ചെത്തി. ഹാൾ ഓപണിൽ ചാമ്പ്യനായാണ് വിംബിൾഡണിനു വന്നത്. 1976 നു ശേഷം ആദ്യമായി വിംബിൾഡണിൽ ഒരു സെറ്റ് പോലും അടിയറ വെക്കാതെ കിരീടമുയർത്തി. 2017 ൽ ഫെദരറുടെ ഏഴാമത്തെ മാത്രം ടൂർണമെന്റായിരുന്നു വിംബിൾഡൺ. ഈ വർഷം 33 മത്സരം കളിച്ചതിൽ മുപ്പത്തൊന്നും ഫെദരർ ജയിച്ചു. 
വീണ്ടും വിശ്രമമെടുക്കാനാണ് ഫെദരറുടെ തീരുമാനം. യു.എസ് ഓപണിന് മുന്നോടിയായുള്ള സിൻസിനാറ്റി ഓപണിലായിരിക്കും തിരിച്ചുവരിക. വർഷാവസാനത്തോടെ ലോക ഒന്നാം റാങ്കും ഫെദരർക്ക് കൈയെത്തും ദൂരെയാണ്. കഴിഞ്ഞ 14 വിംബിൾഡൺ ചാമ്പ്യന്മാരിൽ 11 പേരും വർഷാന്തം ഒന്നാം റാങ്കുകാരായിട്ടുണ്ട്. നദാലായിരിക്കും ഫെദരർക്ക് പ്രധാന എതിരാളി. ആൻഡി മറെയും നോവക് ജോകോവിച്ചും സ്ഥിരതയില്ലായ്മയും പരിക്കും കൊണ്ട് വലയുമ്പോൾ യു.എസ് ഓപണിലും കിരീടപ്രതീക്ഷകൾ ഫെദരറും നദാലും തന്നെ. ആറാഴ്ചയേയുള്ളൂ യു.എസ് ഓപൺ ആരംഭിക്കാൻ. 
.
 

Latest News