തിരുവനന്തപുരം- ഈ വർഷത്തെ വയലാർ അവാർഡ് വി.ജെ ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്. ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പലെ വജ്രദാഹം, വി.ജെ ജെയിംസിന്റെ നിരീശ്വരൻ എന്നീ നോവലുകളാണ് ഫൈനൽ റൗണ്ടിലുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. വയലാറിന്റെ ചരമ ദിനമായ ഒക്ടോബർ 27ന് അവാർഡ് സമ്മാനിക്കും. അവസാനഘട്ടത്തിലെത്തിയ കൃതികളെ ഒഴിവാക്കി പുറത്തുള്ള കൃതിക്ക് സമ്മാനം നൽകാൻ പല കോണുകളിൽനിന്ന് സമ്മർദ്ദം വന്നെന്ന് ആരോപിച്ച് പുരസ്‌കാര നിർണയ സമിതിയിൽനിന്ന് പ്രൊഫ. എം.കെ സാനു നേരത്തെ രാജിവച്ചിരുന്നു. 1977 മുതലാണ് വയലാർ രാമവർമ്മ ട്രസ്റ്റ് അവാർഡ് നൽകി വരുന്നത്. ആദ്യ അവാർഡ് ലളിതാംബിക അന്തർജനത്തിനായിരുന്നു. കഴിഞ്ഞവർഷത്തെ അവാർഡ് കെ.വി മോഹൻ കുമാറിനാണ് ലഭിച്ചത്.