Sorry, you need to enable JavaScript to visit this website.

അവിശ്വാസത്തിൽ വീണു;  പാലക്കാട്ട് രണ്ട് പഞ്ചായത്തുകൾ  യു.ഡി.എഫിന് നഷ്ടം

പാലക്കാട് - ജില്ലയിൽ യു.ഡി.എഫിന് വൻതിരിച്ചടി, ഇന്നലെ നഷ്ടമായത് രണ്ട് ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണം. ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ കരിമ്പുഴ, മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര പഞ്ചായത്തുകളുടെ ഭരണമാണ് മുന്നണിക്ക് അവിശ്വാസ പ്രമേയത്തിലൂടെ നഷ്ടമായത്. ഇതിൽ തെങ്കരയിലേത് ഇടതു മുന്നണിയിലെ പടലപ്പിണക്കം മൂലം ലഭിച്ച ഭരണമായിരുന്നു. എന്നാൽ കരിമ്പുഴയിൽ കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിലടിച്ചാണ് ഭരണം നഷ്ടപ്പെടുത്തിയത്. ഇവിടെ, ഡി.സി.സി സെക്രട്ടറി ഉൾപ്പെടെ നാല് കോൺഗ്രസ് അംഗങ്ങളാണ് സി.പി.എമ്മിനൊപ്പം ചേർന്നത്. രണ്ടിടത്തും ഇടതു മുന്നണി അധികാരത്തിലെത്തുമെന്നാണ് സൂചന. 
കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ലീഗിലെ ഷീബ പാട്ടത്തൊടിക്കെതിരേ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഡി.സി.സി സെക്രട്ടറി വി. രാജരത്‌നം ഉൾപ്പെടെയുള്ള നാല് കോൺഗ്രസ് അംഗങ്ങൾ അനുകൂലിച്ചു. 18 അംഗ സഭയിൽ ഏഴിനെതിരേ പത്ത് വോട്ടിനാണ് പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നടപടി. രാജരത്‌നം ഉൾപ്പെടെ കരിമ്പുഴയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ കുറച്ചു കാലമായി ഡി.സി.സി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവർ മുന്നണിയുമായി സഹകരിച്ചിരുന്നില്ല. 
തെങ്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് എ. സലീമക്കെതിരേ ഇടതു മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരേ ഒമ്പത് വോട്ടിനാണ് പാസായത്. ആറു മാസം മുമ്പ് സി.പി.എം -സി.പി.ഐ തർക്കത്തെത്തുടർന്നാണ് ഇവിടെ യു.ഡി.എഫ് അധികാരത്തിലെത്തിയത്. അഭിപ്രായവ്യത്യാസം പരിഹരിച്ച് ഇടതു മുന്നണിയിലെ ഇരു പാർട്ടികളും വീണ്ടും ഒരുമിക്കുകയായിരുന്നു.

 

Latest News