- രണ്ടില കിട്ടാത്തത് പരാജയ കാരണം
കോട്ടയം- പാലാ ഉപതെരഞ്ഞെടുപ്പിനിടയിൽ കേരള കോൺഗ്രസ് ജോസഫ്-ജോസ് പക്ഷങ്ങളുടെ ശീതസമരം സ്ഥാനാർഥിയുടെ പരാജയത്തിൽ കലാശിച്ചത് യു.ഡി.എഫിൽ ഇനിയുള്ള ദിവസങ്ങളിൽ തുറന്ന പോരിന് വഴിയൊരുക്കും. രണ്ടില ചിഹ്നത്തിൽ മത്സരിക്കാത്തതാണ് പരാജയ കാരണമെന്ന് ജോസ് പക്ഷം വെളിപ്പെടുത്തിയത് തന്നെ ജോസഫിനെതിരായ ആക്രമണം ശക്തിപ്പെടുമെന്നതിന്റെ സൂചനയാണ്.
ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കെതിരെ തുടക്കം മുതൽ കടുത്ത നിലപാട് സ്വീകരിച്ച ജോസഫ് ഗ്രൂപ്പ് വോട്ടെടുപ്പ് ദിനത്തിലും പ്രതികരണങ്ങളിലൂടെ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ജോസഫ് പക്ഷക്കാരനുമായ ജോയി ഏബ്രാഹം, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ എന്നിവർ വോട്ടെടുപ്പു ദിനം രാവിലെ തന്നെ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. ജോസ് ടോം ജയിക്കുമെന്ന് ഉറപ്പില്ലെന്നായിരുന്നു ജോയി എബ്രാഹമിന്റെ പ്രതികരണം. രണ്ടില ചിഹ്നമില്ലാത്തത് ജോസ് ടോമിന്റെ ഭൂരിപക്ഷം കുറയ്ക്കുമെന്ന് സജി മഞ്ഞക്കടമ്പിലും പറഞ്ഞു. വോട്ടെടുപ്പ് ഫലം വന്നപ്പോൾ പരാജയ കാരണം രണ്ടില നഷ്ടപ്പെട്ടത് മൂലമായിരിക്കാമെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം.
വോട്ടെടുപ്പ് ദിനത്തിലെ ജോസഫ് പക്ഷക്കാരുടെ അഭിപ്രായ പ്രകടനത്തിനെതിരെ ജോസ് വിഭാഗം യു.ഡി.എഫ് നേതൃത്വത്തിന് പരാതിയും നൽകിയിരുന്നു. പാലായിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് ജനം എല്ലാം കാണുന്നുണ്ടെന്നായിരുന്നു വോട്ട് ചെയ്തശേഷം മടങ്ങിയ ജോയി ഏബ്രഹാം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കെ.എം.മാണി തന്ത്രശാലിയായിരുന്നു എന്നാൽ ഇപ്പോഴുള്ളവർ കുതന്ത്രശാലികളും കുടിലബുദ്ധികളുമാണ്. കെ.എം.മാണിയുടെ പിന്തുടർച്ചാവകാശം ഒരു കുടുംബത്തിനല്ല, പാർട്ടിക്കാണെന്നും ജോയി എബ്രാഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്നായിരുന്നു പൊതു അഭിപ്രായം. അഭിപ്രായ ഭിന്നതകൾ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നാണ് ജോസ് കെ.മാണി ഇന്നലെയും അവകാശപ്പെട്ടത്. എന്നാൽ ജോസ് ടോമിന്റെ പരാജയം കേരളാ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. അവരുടെ പതിറ്റാണ്ടായുളള സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ യു.ഡി.എഫിൽ ഇത് ശക്തമായ ചർച്ചയ്ക്കും വാക്പോരിനും കാരണമായി തീരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.