റിയാദ്- നാട്ടിലേക്ക് പണമയക്കുന്നതിന് ടെല്ലറില്‍ പണം നിക്ഷേപിച്ച മലയാളി തട്ടിപ്പിനിരയായി. സുലൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശി ഇടവഴിക്കല്‍ അബ്ദുല്‍ ജലീലിനാണ് പണം നഷ്ടമായത്.
താമസ സ്ഥലത്തിനടുത്തുള്ള അല്‍റാജ്ഹി ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിക്ഷേപിച്ച ജലീല്‍ തൊട്ടുപിറകിലുണ്ടായിരുന്ന അറബ് വംശജന്‍ ധൃതി കൂട്ടിയതു കാരണം മാറിക്കൊടുത്തതായിരുന്നു. പണം നിക്ഷേപിച്ച് കഴിഞ്ഞതിനാല്‍ പുറത്തുവന്ന എ.ടി.എം കാര്‍ഡ് അറബ് വംശജനാണ് ജലീലിന് കൈമാറിയത്.
അറബ് വംശജന്‍ പുറത്തിറങ്ങിയ ശേഷം ജലീല്‍ നാട്ടിലേക്ക് പണമയക്കുന്നതിന് വീണ്ടും കാര്‍ഡ് മെഷീനിലിട്ട് പാസ്‌വേഡ് അടിച്ചപ്പോള്‍ പാസ് വേഡ് തെറ്റാണെന്ന സന്ദേശമാണ് ലഭിച്ചത്. അത് മറ്റൊരാളുടെ കാര്‍ഡായിരുന്നു അത്. ചതി മനസ്സിലാക്കി പുറത്തിറങ്ങിയപ്പോഴേക്കും അറബ് വംശജന്‍ സ്ഥലം വിട്ടിരുന്നു. മൊബൈല്‍ എടുത്തപ്പോഴേക്കും അക്കൗണ്ടില്‍നിന്ന് 5000 റിയാല്‍ പിന്‍വലിച്ചതായി ജലീലിന് ബാങ്കില്‍നിന്ന് എസ്.എം.എസ് ലഭിച്ചു.
പിറകില്‍നിന്നിരുന്നയാള്‍ ജലീലിന്റെ എ.ടി.എം പാസ്‌വേഡ് നോക്കി മനസ്സിലാക്കിയും നൊടിയിടയില്‍ കാര്‍ഡ് മാറ്റി നല്‍കിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
എ.ടി.എം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത ആവശ്യമാണെന്ന് പുതിയ തട്ടിപ്പ് രീതി വ്യക്തമാക്കുന്നു.