Sorry, you need to enable JavaScript to visit this website.

ഇറാന്റെ യഥാർഥ മുഖം  പുറത്തായി -സൗദി വിദേശമന്ത്രി

ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ചേർന്ന 74-ാമത് യു.എൻ ജനറൽ അസംബ്ലിയിൽ സൗദി വിദേശമന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ് പ്രസംഗിക്കുന്നു. 

റിയാദ്- ഇറാനിലേത് ഭീകര ഭരണകൂടമാണെന്ന് സൗദി വിദേശമന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ് പറഞ്ഞു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ചേർന്ന 74-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു വിദേശമന്ത്രി.

സമീപകാലത്ത് ഇറാൻ നടത്തിയ ആക്രമണങ്ങളും ശത്രുതാപരമായ പ്രവർത്തനങ്ങളും ഇറാൻ ഭരണകൂടത്തിന്റെ യഥാർഥ മുഖം ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു. ലോക സമാധാനത്തിനും സുരക്ഷക്കും ഊർജ സുരക്ഷക്കും ആഗോള സമ്പദ്‌വ്യവസ്ഥക്കും ഭീഷണി സൃഷ്ടിക്കുന്നത് ഇറാൻ തുടരുകയാണ്. സൗദി എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇഛാശക്തി നേരിടുന്ന യഥാർഥ പരീക്ഷണമാണ്. 


യു.എൻ ചാർട്ടറും അടിസ്ഥാന തത്വങ്ങളും ലംഘിച്ച് സെപ്റ്റംബർ 14 ന് സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണങ്ങൾ മേഖലയുടെയും ലോകത്തിന്റെയും സുരക്ഷാ ഭദ്രതക്കും അഭിവൃദ്ധിക്കും വെല്ലുവിളിയാണ്. ഇറാനെ നിലക്കു നിർത്തുന്ന കാര്യത്തിൽ എല്ലാവരും ശക്തവും ചരിത്രപരവുമായ നിലപാട് സ്വീകരിക്കേണ്ടത് നിർബന്ധമാണ്. 


25 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് കിഴക്കൻ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തിയത്. സൗദി അറേബ്യയുടെ എണ്ണയുൽപാദന ശേഷിയുടെ പകുതി കുറയുന്നതിന് ആക്രമണങ്ങൾ ഇടയാക്കി. പ്രതിദിന ഉൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവാണ് ആക്രമണങ്ങളുണ്ടാക്കിയത്. ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് സൗദി അറേബ്യക്ക് നന്നായി അറിയാവുന്നതാണ്. ഇക്കാര്യം സ്വയം ഉറപ്പുവരുത്തുന്നതിന് യു.എൻ വിദഗ്ധരെയും അന്താരാഷ്ട്ര വിദഗ്ധരെയും സൗദി അറേബ്യ ക്ഷണിച്ചിട്ടുണ്ട്.

സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തിയ അതേ ശക്തികൾ തന്നെയാണ് ഒമാൻ ഉൾക്കടലിൽ ജൂൺ, ജൂലൈ മാസങ്ങളിൽ വാണിജ്യ കപ്പലുകൾക്കു നേരെയും ആക്രമണങ്ങൾ നടത്തിയത്. ഇവരുടെ ഏജന്റുമാരാണ് ജൂലൈയിൽ അബഹ എയർപോർട്ടിനും ഓഗസ്റ്റിൽ അൽശൈബ എണ്ണപ്പാടത്തിനും നേരെ ആക്രമണങ്ങൾ നടത്തിയത്. 

ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ ഭരണകൂടം തങ്ങൾക്കു കീഴിലെ മിലീഷ്യകളുടെ മേൽ കെട്ടിവെക്കുകയാണ്. ഇതിനു മുമ്പ് സൗദിയിലെ എണ്ണ പൈപ്പ്‌ലൈനിലെ പമ്പിംഗ് നിലയങ്ങൾക്കു നേരെയും ഇതേ ശക്തികൾ ആക്രമണം നടത്തിയിരുന്നു.

തങ്ങളുടെ വിനാശകരമായ അജണ്ടകൾ നടപ്പാക്കുന്നതിനുള്ള ഭൂമികയെന്നോണമാണ് ഇറാൻ ഭരണകൂടം ഞങ്ങളുടെ രാജ്യത്തെയും ജനങ്ങളെയും കാണുന്നത്. 
നാൽപതു വർഷമായി ഇറാൻ ഭരണകൂടത്തെ തങ്ങൾക്ക് നന്നായി അറിയാവുന്നതാണ്. സ്‌ഫോടനങ്ങളും നശീകരണ പ്രവർത്തനങ്ങളും മാത്രമാണ് ഇറാന് അറിയുക. മധ്യപൗരസ്ത്യ ദേശത്തു മാത്രമല്ല, ലോകത്ത് എല്ലായിടത്തും അവർ കൊലപാതകങ്ങൾ നടത്തുന്നു. 


ഇറാൻ ഭരണകൂടം നിലവിൽ വന്നതു മുതൽ സൗദി അറേബ്യയിലും ബഹ്‌റൈനിലും കുവൈത്തിലും ലെബനോനിലും യൂറോപ്യൻ രാജ്യങ്ങളിലും മറ്റു ലോക രാജ്യങ്ങളിലും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നു. 


1989 ലും 1990 ലും തായ്‌ലന്റിൽ സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ വധിച്ചതും 2011 ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് സൗദി നയതന്ത്രജ്ഞനെ വധിച്ചതും ഇറാൻ ഭരണകൂടമാണ്. 2011 ൽ അമേരിക്കയിലെ സൗദി അംബാസഡറെ വധിക്കാനും ഇറാൻ ശ്രമിച്ചു. 2005 ൽ ബെയ്‌റൂത്തിൽ വെച്ച് മുൻ ലെബനോൻ പ്രധാനമന്ത്രി റഫീഖ് അൽഹരീരിയെ വധിച്ചതും മറ്റാരുമല്ല. ഡെന്മാർക്കിലും ഫ്രാൻസിലും ഭീകരാക്രമണങ്ങൾക്ക് ശ്രമിച്ച ഇറാൻ ഭരണകൂടത്തിന്റെ ഭീകര പ്രവർത്തനങ്ങൾ യെമനിലും സിറിയയിലും ഇറാഖിലും ലെബനോനിലും മറ്റു രാജ്യങ്ങളിലും ദിനേനയെന്നോണം നാം കാണുന്നു. 


ഭീകര പ്രവർത്തനങ്ങളും ശത്രുതാപരമായ പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിന് ഇറാനു മേൽ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഏറ്റവും ശക്തമായ സമ്മർദം ചെലുത്തണം. ഈ ലക്ഷ്യത്തോടെ ശക്തവും ഒറ്റക്കെട്ടുമായി നിലയുറപ്പിക്കുന്നതിൽ യു.എന്നിനും ലോകത്തിനും ധാർമികവും ചരിത്രപരവുമായ ഉത്തരവാദിത്തമുണ്ട്. രക്തക്കൊതിയന്മാരായ ഇറാൻ ഭരണകൂടം മേഖലക്കു മാത്രമല്ല, ലോകത്തിനു മൊത്തത്തിൽ ഭീഷണിയാണ്. ഇറാനെതിരെ ഉപരോധങ്ങൾ ബാധകമാക്കിയും, എടുത്തുകളഞ്ഞുമുള്ള ഭാഗികമായ കരാറുകളും, ഇറാനുമായി പുതിയ കരാറുകൾ ഒപ്പുവെക്കുന്നതും, പരാജയമാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. 


ഇറാൻ ആണവ കരാറിന്റെ പരാജയത്തിന് തെളിവ് ആഗ്രഹിക്കുന്നവർ സിറിയയിൽ ഇറാൻ ഭരണകൂടം നടത്തിയ കുറ്റകൃത്യങ്ങൾ മാത്രം നോക്കിയാൽ മതി. സിറിയൻ ഭരണകൂടത്തിനൊപ്പം ചേർന്ന് അഞ്ചു ലക്ഷത്തിലേറെ സിറിയക്കാരെ ഇറാൻ ഭരണകൂടം പ്രത്യക്ഷമായും പരോക്ഷമായും കൊലപ്പെടുത്തി. യു.എൻ രക്ഷാസമിതി തീരുമാനങ്ങൾ ലംഘിച്ച് ഇറാൻ നൽകിയ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യയിലെ സാധാരണക്കാർക്കു നേരെ 250 തവണ ആക്രമണങ്ങൾ നടത്തി. യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതും ഇറാനാണ്. 
ആണവ കരാർ ഒപ്പുവെച്ചതിലൂടെ വിട്ടുകിട്ടിയ ഭീമമായ തുക ലോകത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ഇറാൻ ദുരുപയോഗിച്ചത്. സൗദി അറേബ്യ ഒരു കാലത്തും യുദ്ധത്തിനു വേണ്ടി മുറവിളി കൂട്ടിയിട്ടില്ല. എന്നാൽ പരമാധികാരത്തിനും പുണ്യസ്ഥലങ്ങൾക്കും വേണ്ടി പ്രതിരോധിക്കുന്നതിന് രാജ്യം മടിച്ചുനിൽക്കില്ലെന്നും ഡോ.ഇബ്രാഹിം അൽഅസ്സാഫ് പറഞ്ഞു. 

 


 

Latest News