കാലാവസ്ഥാ വ്യതിയാനത്തിന്റെ സമകാലീനമുഖമായ സ്വീഡനിലെ 16 കാരി ഗ്രെറ്റ തൻബർഗ്ഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ മൂർച്ഛിക്കുമ്പോൾ തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് അവർ രംഗത്ത്.
വി ഡോണ്ട് ഹാവ് ടൈം (നമുക്ക് സമയമില്ല) എന്ന വളർന്നുവരുന്ന മുഖ്യധാരാ ടെക് സ്റ്റാർട്ട്അപ്പിന്റെ പ്രത്യേക യുവ ഉപദേശകയും ട്രസ്റ്റിയുമാണ് താനെന്ന മുഖ്യ ആരോപണം അവർ നിഷേധിച്ചു. എന്നാൽ നേരത്തെ ലാഭേച്ഛയില്ലാത്ത ഈ ഫൗണ്ടേഷന്റെ ബോർഡിന്റെ ഒരു യുവ ഉപദേശകയായിരുന്നു താനെന്നു സമ്മതിച്ച അവർ അവരുടെ ഓർഗനൈസേഷന്റെ മറ്റൊരു ശാഖയുടെ ഭാഗമായി അനുമതിയില്ലാതെ തന്റെ പേര് ഉപയോഗിച്ചതിനെ തുടർന്ന് ആ ബന്ധം അവസാനിപ്പിച്ചുവെന്നും സംഭവത്തിൽ ഫൗണ്ടേഷൻ ക്ഷമാപണം നടത്തിയെന്നും അറിയിച്ചു.
മുഖ്യമായും കോറി മോർണിംഗ്സ്റ്റാർ 'പൊതുസമ്മതിക്കായി ഗ്രെറ്റ തൻബെർഗിന്റെ സൃഷ്ടി' എന്ന പുസ്തകത്തിലാണ് ഗ്രെറ്റ തൻബെർഗിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ഗ്രേറ്റയിലൂടെ മുതലാളിത്ത ശക്തികൾ പുതിയ ഹരിത സാമ്രാജ്യത്വത്തിന് രൂപം കൊടുക്കുകയാണെന്നാണ് അവരുടെ പ്രധാന വിമർശനം. ഗ്രെറ്റയെയും അവരുടെ ആഗോള പ്ലാറ്റ്‌ഫോമും ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമാണ്
എന്ന സന്ദേശം പൊതുജനങ്ങൾക്കിടയിൽ പുതിയ രീതിയിൽ പ്രചരിപ്പിക്കുകയും അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുകയും ചെയ്യുകയാണെന്നും 'തീപ്പിടിത്തമുള്ള വീടി'നോട് ഈ കാലാവസ്ഥാ അടിയന്തര സാഹചര്യത്തെ ഉപമിച്ച് ജനങ്ങളെ ദേശഭക്തരും സഹാനുഭൂതിയുള്ളവരും അഹിംസവാദികളുമാക്കാൻ പ്രേരിപ്പിക്കുകയാണെന്നും പുസ്തകത്തിൽ പറയുന്നു.
സൈനികവൽക്കരണം കാലാവസ്ഥാ വ്യതിയാനത്തിൽ ചെലുത്തുന്ന ഭീകരമായ പ്രത്യാഘാതത്തെക്കുറിച്ച് ഈ പുതിയ മുന്നേറ്റത്തിൽ ഒരിക്കൽ പോലും അഭിസംബോധന ചെയ്യുന്നില്ല. ഈ അടിയന്തര സാഹചര്യം നേരിടാനെന്ന പേരിൽ സർക്കാരുകളും എൻ ജി ഒകളും കോർപ്പറേറ്റുകളും മുതലാളിത്തത്തെ രക്ഷിക്കാൻ ആവശ്യമായ കോടിക്കണക്കിന് മൂലധനം വിട്ടുകൊടുക്കുകയും അതുവഴി പുതിയ ഹരിത സാമ്രാജ്യത്വത്തെ സഹായിക്കുകയും ചെയ്യുന്നു.
മാത്രമല്ല, യുവജനങ്ങളെ ആഗോള വരേണ്യവർഗത്തെ സംരക്ഷിക്കുന്നതിന് ഉപയോഗിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. സെലിബ്രിറ്റികൾ സ്‌പോൺസർ ചെയ്യുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ എൻജിഒകളും മാധ്യമങ്ങളും കോർപ്പറേറ്റ് ശക്തികളും ഒത്തുചേരുന്ന ഒരു പുതിയ വ്യവസായം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു. അതുവഴി ഏതു വ്യവസായത്തെയാണോ നാം ഇല്ലാതാക്കേണ്ടത് അതിനെ സംരക്ഷിക്കുന്നു. 'യുവാക്കൾ നയിക്കുന്ന' ഈ കാലാവസ്ഥ വ്യതിയാന പ്രസ്ഥാനങ്ങൾക്ക് പിന്നിലെ നുണകൾക്കു പിന്നിൽ ലോകത്തെ ഏറ്റവും ശക്തമായ കുത്തകകൾ ഉണ്ടെന്നും വ്യാവസായിക നാഗരികതയ്ക്കെതിരായ ചെറുത്തുനിൽപ്പുകൾ തടഞ്ഞ് 'നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്' പൊതുസമ്മതി ഉണ്ടാക്കാൻ സഹായിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും കോറി മോർണിംഗ്സ്റ്റാർ ആരോപിക്കുന്നു.
വി ഡോണ്ട് ഹാവ് ടൈം എന്ന സ്റ്റാർട്ട്അപ്പിന്റെ പ്രവർത്തനങ്ങളും പുസ്തകം വിശദമായി പരിശോധിക്കുന്നു. അതിന്റെ നേതൃത്വവും അൽ ഗോറിന്റെ ക്ലൈമറ്റ് റിയാലിറ്റി പ്രോജക്റ്റ് (Al Gore's Climate Reality Project ) ലോക ബാങ്ക്, വേൾഡ് ഇക്കണോമിക് ഫോറം പോലെ ശക്തമായ കോർപ്പറേറ്റ് പാരിസ്ഥിതിക സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധവും അവർ പരിശോധിക്കുന്നു.
ദി സൺറൈസ് മൂവ്‌മെന്റ്, ദി ഗ്രീൻ ഡീൽ എന്നിവയുമായി വി ഡോണ്ട് ഹാവ് ടൈം / തൻബെർഗ് ബന്ധങ്ങളും ചർച്ച ചെയ്യുന്നു. അതോടൊപ്പം 2018 ഓഗസ്റ്റിൽ നടന്ന തൻബെർഗിന്റെ അമ്മയും സെലിബ്രിറ്റിയുമായ മാലീന എർമാന്റെ പുസ്തക പ്രകാശനവും (2017 ലെ എൻവയോൺമെന്റൽ ഹീറോ ഓഫ് ദി ഇയർ ആയിരുന്നു അവർ) സ്വീഡനിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ എസ്വിഡി, 2018 മെയ്, ഏപ്രിൽ മാസങ്ങളിൽ തൻബെർഗിന് നൽകിയ അസാധാരണമായ മാധ്യമ ശ്രദ്ധയും പുസ്തകം ചർച്ച ചെയ്യുന്നു. പരിശോധിക്കുന്നു. പരിസ്ഥിതിയിൽ പണം നിക്ഷേപിക്കുന്ന നോൺ പ്രോഫിറ്റ് വ്യാവസായിക സമുച്ചയങ്ങളുടെ താൽപ്പര്യവും '2020 ൽ ബീജിംഗിൽ നടക്കുന്ന പതിനഞ്ചാമത്തെ മീറ്റിംഗിൽ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന' പരിസ്ഥിതി വ്യവസ്ഥ സേവനങ്ങൾക്കുള്ള പ്രതിഫലം നടപ്പിലാക്കുന്നതിൽ ഇത് എങ്ങനെയാണ് ചെന്നവസാനിക്കുന്നതെന്നും ചർച്ച ചെയ്യുന്ന പുസ്തകം ഇപ്പോൾ പൊതുജനങ്ങളെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുന്ന പ്രചാരണത്തിനു പിന്നിലെ താൽപ്പര്യം മുതലാളിത്തത്തിന്റേതാണെന്നു പറയുന്നു. അതിന്റെ ജനപ്രിയ മുഖമായാണ് ഗ്രേറ്റയെ അവതരിപ്പിക്കുന്നത്.
എന്നാൽ തന്റെ പിറകിൽ ആരുമില്ലെന്നും സ്വയമാരംഭിച്ച പഠിപ്പുമുടക്കിന്റെ വാർത്ത കണ്ട് പലരും പിന്തുണക്കുകയാണുണ്ടായതെന്നും ഗ്രെറ്റ പറയുന്നു. പത്രപ്രവർത്തകർ പിന്തുണച്ചു.
ഒരു സ്വീഡിഷ് സംരംഭകനും കാലാവസ്ഥാ പ്രസ്ഥാനത്തിൽ സജീവമായ ബിസിനസുകാരനുമായ ഇൻഗ്മാർ റെന്റ്ഷോഗ് തന്നോട് സംസാരിക്കുകയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ എടുക്കുകയും ചെയ്തു. താൻ ഒരു ഓർഗനൈസേഷന്റെയും ഭാഗമല്ല. കാലാവസ്ഥയോടും പരിസ്ഥിതിയോടും ഒപ്പം പ്രവർത്തിക്കുന്ന നിരവധി എൻ ജി ഒകളെ താൻ ചിലപ്പോൾ പിന്തുണയ്ക്കുകയും അവരുമയി സഹകരിക്കുകയും ചെയ്യുന്നു.
'ഞാൻ എന്നെത്തന്നെ പ്രതിനിധീകരിക്കുന്നു. എനിക്ക് പണമോ ഭാവി പേയ്മെന്റുകളുടെ വാഗ്ദാനമോ ഒരു രൂപത്തിലും ലഭിച്ചിട്ടില്ല. പണത്തിനായി കാലാവസ്ഥയ്ക്കായി പോരാടുന്ന ഒരൊറ്റ കാലാവസ്ഥാ പ്രവർത്തകനെയും ഞാൻ കണ്ടിട്ടില്ല. എന്റെ സ്‌കൂളിൽ നിന്നുള്ള അനുമതിയോടെ മാത്രമാണ് ഞാൻ യാത്ര ചെയ്യുന്നത്. ടിക്കറ്റുകൾക്കും താമസത്തിനും എന്റെ മാതാപിതാക്കൾ പണം നൽകുന്നു. ഞാൻ 'മുതിർന്ന ഒരാളെപ്പോലെ ശബ്ദിക്കുകയും എഴുതുകയും ചെയ്യുന്നു' എന്നൊരു പരാതിയും ഉണ്ട്. അതിനോട് എനിക്ക് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ - 16 വയസ്സുകാരിക്ക് സ്വയം സംസാരിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നില്ലേ? എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത മറ്റൊരു വാദമുണ്ട്. അതാണ് ഞാൻ 'വെറും ഒരു കുട്ടി, നമ്മൾ കുട്ടികളെ ശ്രദ്ധിക്കരുത്. ശരിയാണ്, എല്ലാവരും ഞാൻ നിരന്തരം പരാമർശിക്കുന്ന വസ്തുതകൾ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ നമുക്കെല്ലാവർക്കും സ്‌കൂളിലേക്ക് മടങ്ങാം. എന്നാലതല്ല സംഭവിക്കുന്നത്. ഞാനൊരു സന്ദേശവാഹക മാത്രമാണ്. ഞാൻ പുതിയതൊന്നും പറയുന്നില്ല, പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ ആവർത്തിച്ച് പറഞ്ഞത് മാത്രമാണ് ഞാൻ പറയുന്നത്. എന്നിട്ടും എനിക്ക് ഈ വെറുപ്പ് ലഭിക്കുന്നു.. എന്നിങ്ങനെ പോകുന്നു ഗ്രെറ്റയുടെ വാക്കുകൾ. അതേസമയം രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന്, തന്റെ തലമുറയ്ക്കും ഭാവി തലമുറയ്ക്കുമായി ഗ്രെറ്റ തുടങ്ങി വെച്ച പ്രസ്ഥാനം അനുദിനം ശക്തിയാർജിക്കുകയുമാണ്.