Sorry, you need to enable JavaScript to visit this website.

കാലാവസ്ഥാ  വ്യതിയാനത്തിനെതിരെ 

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടങ്ങൾ ലോകമെങ്ങും ശക്തമാകുകയാണ്. ഇന്ന് സമാപിക്കുന്ന ആഗോള കാലാവസ്ഥാ സമരത്തിന്റെ /ഭൂമിക്കായുള്ള സമരത്തിന്റെ (ഗ്ലോബൽ ക്‌ളൈമേറ്റ് സ്ട്രൈക്ക് / എർത്ത് സ്ട്രൈക്ക്) ഭാഗമായാണ് ഈ പോരാട്ടങ്ങൾ ശക്തമായിരിക്കുന്നത്.  150 രാജ്യങ്ങളിലാണ് ഭൂമിയെ സംരക്ഷിക്കാനാവശ്യപ്പെട്ട് ക്ലൈമറ്റ് മാർച്ചിനായി ജനങ്ങൾ തെരുവിലിറങ്ങിയത്. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഓരോ രാജ്യത്തേയും ഭരണാധികാരികളോട് മാർച്ചുകൾ ആവശ്യപ്പെടുന്നു. ഓരോ വർഷവും അന്തരീക്ഷ ഊഷ്മാവ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലൈമറ്റ് മാർച്ച് നൽകുന്ന സന്ദേശം കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത്. മാർച്ചിൽ പങ്കെടുക്കുന്നവരിൽ വലിയൊരു ഭാഗം കുട്ടികളാണ്. അതാണ് ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകുന്നത്.  'ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ' (ഭാവിക്കുവേണ്ടിയുള്ള വെള്ളിയാഴ്ചകൾ) എന്ന സ്വീഡനിൽ നിന്നുള്ള ഗ്രേറ്റ തൻബർഗ്ഗ് എന്ന 16 കാരി ഉയർത്തിയ മുദ്രാവാക്യത്തെ ഉയർത്തിപിടിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ പഠിപ്പുമുടക്ക് സമരവും ഗണ്യമായ വേഗത കൈവരിക്കുകയാണ്.
തീർച്ചയായും ഇന്ത്യക്കോ കേരളത്തിനോ ഈ മുന്നേറ്റത്തോട് മുഖം തിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തെ ആവർത്തിച്ച് ബാധിക്കുന്നതിനാൽ, കേരളവും കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി മാറുകയാണ്. അതിന്റെ ഭാഗമായി പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാലാവസ്ഥാ പ്രവർത്തന വാരത്തിന്റെ സമാപന പരിപാടിയായി ഇന്ന് നിലമ്പൂരിൽ സംസ്ഥാനതലത്തിലുള്ള 'മാർച്ച് ഫോർ ക്ലൈമറ്റ് ആക്ഷൻ' ആസൂത്രണം ചെയ്തിട്ടുണ്ട്. നിലമ്പൂരിലും വയനാടിലും  കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അവശിഷ്ടങ്ങളുടെ ഒഴുക്കും വൻനാശം വിതച്ച പശ്ചാത്തലത്തിലാണ് അവിടെ മാർച്ച് സംഘടിപ്പിക്കുന്നത്. 
ശക്തമായ മഴയും തിരുത്താനാകാത്ത ഭൂവിനിയോഗ സമ്പ്രദായങ്ങളും കവളപ്പാറയിലും (നിലമ്പൂർ), പുത്തുമലയിലും (വയനാട്) ഉണ്ടാക്കിയ ദുരന്തങ്ങൾ നമ്മുടെ മനസ്സാക്ഷിയെ ദീർഘകാലം വേട്ടയാടും. നിലമ്പൂരിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി സംരംഭങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ അടിയന്തര നടപടികൾ തേടുന്ന 'കാലാവസ്ഥാ പ്രവർത്തനത്തിനുള്ള മാർച്ച്' സുസ്ഥിരവും ഊർജ്ജസ്വലവുമായ നിലമ്പൂരിന്റെ പുനരുജ്ജീവനത്തിനുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമായിരിക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 27 ന് ഉച്ചയ്ക്ക് 1.30 ന് ഞെട്ടിക്കുളം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് ഈയിടെയുണ്ടായ മണ്ണിടിച്ചിൽ ഉണ്ടായി തകർന്നു പോയ പാഡാർ എന്ന ഗ്രാമത്തിൽ സമാപിക്കും. 
അതിനിടെ  ഗ്രെറ്റ തൂൺബർഗിന്റെ ചരിത്രപരമായ സമരം കൂടുതൽ ശക്തമാകുകയാണ്. യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് ആ മുന്നേറ്റം വ്യാപിക്കുകയാണ്. യൂത്ത് ക്ളൈമേറ്റ് മൂവ്‌മെന്റിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിനു മുന്നിലെ സമരവേദിയിൽ പ്രസംഗിച്ച ഗ്രെറ്റ അമേരിക്കയുടെ ഊർജ ഉപഭോഗത്തെ ശക്തമായി വിമർശിച്ചത് കയ്യടികളോടെയാണ് ലോകം കേട്ടത്. 
2018 ഓഗസ്റ്റിൽ പഠിപ്പ് മുടക്കി സ്വീഡൻ പാർലമെന്റിനു മുന്നിൽ ഒറ്റക്ക് സമരം നടത്തിയാണ് ഗ്രെറ്റ ഇന്നു ലോകത്തെ ഏറ്റവും ശക്തമായ പാരിസ്ഥിതിക മുന്നേറ്റത്തിലേക്ക് വരുന്നത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഉടനടി രാഷ്ട്രീയ നയസമീപനം ഉണ്ടാകണം എന്നായിരുന്നു ഗ്രെറ്റയുടെ ഒറ്റയാൾ സമരത്തിന്റെ ആവശ്യം. വളരെ പതുക്കെ മാധ്യമങ്ങളും യുവാക്കളും ഗ്രെറ്റയുടെ മുദ്രാവാക്യത്തിന്റെ ഗൗരവം മനസിലാക്കി. ആളുകൾ മുഴുവൻ പരിഭ്രാന്തരാകേണ്ടതുണ്ട് എന്നാണ് ഗ്രെറ്റ തന്റെ സമരത്തിന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞത്. ക്യാമ്പസുകൾ അവളുടെ സമരാവേശത്തിൽ ആളിപ്പടർന്നു. പതിനാറുവയസുകാരിയായ പെൺകുട്ടി യൂറോപ്പിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് വലിയ മുന്നേറ്റം നടത്തി. ഗ്രെറ്റയുടെ മൂർച്ചയേറിയതും രാഷ്ട്രീയക്കാരെ കടന്നാക്രമിക്കുന്നതുമായ പ്രഭാഷണങ്ങൾ ക്യാമ്പസുകളെ കോരിത്തരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നയപരിപാടികൾ സ്വീകരിക്കണമെന്നും പാരീസ് ഉടമ്പടി അംഗീകരിക്കണമെന്നും വോട്ടവകാശം പതിനാറു വയസാക്കണമെന്നുമെന്നുള്ള മർമപ്രധാനമായ ആവശ്യങ്ങളുയർത്തി യൂറോപ്പിലെ ക്യാമ്പസുകളിൽ ആ ശബ്ദം ആളിപ്പടർന്നു. സ്വീഡനിൽ നിന്ന് ബെർലിനിലേക്കും അവിടെനിന്നും ലണ്ടനിലേക്കും പാരിസിലേക്കും ബ്രസ്സൽസിലേക്കും തുടങ്ങി യൂറോപ്പിലെ 350 ഓളം വരുന്ന നഗരങ്ങളിലേക്ക് സമരം വ്യാപിച്ചു. 
എല്ലായിടത്തും ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും നഗരങ്ങൾ കീഴടക്കി. ലക്ഷക്കണക്കിന് വരുന്ന ആളുകൾ ഐക്യപ്പെട്ട 'സ്‌കൂൾ ക്ലൈമറ്റ് സ്ട്രൈക്ക് മൂവ്മെന്റ്' എന്ന വലിയ മുന്നേറ്റമായി അതുമാറി. യൂത്ത് ഫോർ ക്ലൈമറ്റ്  ടുഗെതർ എന്ന സംഘടനയും രൂപം കൊണ്ടു. 2018 ഡിസംബറിൽ പോളണ്ടിൽ വച്ച് നടന്ന ഐക്യ രാഷ്ട്ര സഭയുടെ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസൽ ഗ്രെറ്റക്ക് സംസാരിക്കാൻ അവസരം ലഭിച്ചു. അവരുടെ പ്രസംഗം ലോകം ഏറെ ശ്രദ്ധയോടെയാണ് കേട്ടത്.
'കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ നിങ്ങൾ വേണ്ടത്ര രീതിയിൽ ശ്രമിക്കുന്നില്ല' എന്ന് വിമർശിച്ചുകൊണ്ടാണ് ഗ്രെറ്റ യു.എസ് കോൺഗ്രസിന് മുന്നിൽ സംസാരിച്ചത്. ഗ്രെറ്റയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഗ്രെറ്റയെ അഭിനന്ദിച്ചത്. 139 രാജ്യങ്ങളിലായി 4638 വേദികളിലാണ് നിലവിൽ കാലാവസ്ഥ വ്യതിയാനവുമായി ഗ്രെറ്റ പങ്കെടുക്കുന്ന പരിപാടികൾ ഉള്ളത്. അതേസമയം പരിസ്ഥിതിയെ തകർക്കുന്ന സാമ്രാജ്യത്വശക്തികളുടെ നിർമ്മിതിയാണ് ഗ്രെറ്റ എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 

Latest News