ദുബായ്- അബുദാബിയിലേക്ക് വന്നത് ലൗ ജിഹാദ് ഓപ്പറേഷന്റെ ഭാഗമായാണെന്നുള്ള ആരോപണം തള്ളി ദൽഹിയിൽ നിന്നുള്ള മലയാളി പെൺകുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിലേക്ക് വന്നതെന്നും പ്രണയിച്ച വ്യക്തിയെ വിവാഹം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും യുവതി വ്യക്തമാക്കി. ഇന്ത്യൻ എംബസി അധികൃതരെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ദൽഹി ഡിഫൻസ് കോളനി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് യുവതിയെയും ഒപ്പമുള്ള യുവാവിനെയും ഇന്ത്യൻ എംബസിയിലേക്ക് വിളിച്ചു വരുത്തിയത്.
ദൽഹി ചാണക്യപുരിയിലെ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഏതാനും ദിവസം മുമ്പാണ് യു.എ.ഇയിലെത്തിയത്. ആരുടേയും സമ്മർദ്ദത്തിന് വഴങ്ങിയല്ല അബുദാബിയിലേക്ക് എത്തിയതെന്ന് യുവതി വ്യക്തമാക്കി. പ്രായപൂർത്തിയായ യുവതിയെ പിന്നീട് യുവാവിനോടൊപ്പം തന്നെ തിരിച്ചയച്ചു. യുവതി നൽകിയ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും മാതാപിതാക്കൾക്കും ഇന്ത്യൻ എംബസി കൈമാറി. യുവതിയുടേയും യുവാവിന്റെയും സുരക്ഷ ഉറപ്പുവരുത്തിനുള്ള നടപടികൾ എംബസി സ്വീകരിച്ചു. മറ്റേതെങ്കിലും രാജ്യത്തേക്ക് പോവാനാണ് ഇവർ എംബസിയിലെത്തിയതെന്ന പ്രചരണം എംബസി അധികൃതർ നിഷേധിച്ചു.