കോട്ടയം- പാലാ നിയമസഭ മണ്ഡലത്തിലെ ആദ്യഫലങ്ങൾ എൽ.ഡി.എഫിന് അനുകൂലം. ആദ്യറൗണ്ടിൽ 162 വോട്ടുകൾക്ക് മുന്നിൽനിന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ രണ്ടാം റൗണ്ടിലും മുന്നിലെത്തി. 751 വോട്ടുകളുടെ മുന്നേറ്റമാണ് രണ്ടാം റൗണ്ടിൽ എൽ.ഡി.എഫ് നേടിയത്. രാമപുരം, കടനാട് പഞ്ചായത്തുകളിലെ വോട്ടുകളാണ് നിലവിൽ എണ്ണുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് മികച്ച മുന്നേറ്റം നൽകിയ മേഖലയിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മുന്നേറ്റെത്തിയത്. ആദ്യ റൗണ്ട് സൂചന യു.ഡി.എഫിന് ആശങ്ക സമ്മാനിക്കുന്നതാണ്. ഈ മേഖലയിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും യു.ഡി.എഫ് മുന്നിലെത്താറുള്ളതാണ്. വോട്ടെണ്ണൽ പാലാ കാർമൽ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. രാവിലെ 10 മണിയോടെ അന്തിമഫലം ലഭിക്കും. 14 ടേബിളുകളിലായി 13 വീതം റൗണ്ടാണ് വോട്ടെണ്ണലിനായി നിശ്ചിയിച്ചിരിക്കുന്നത്.