കൊച്ചി- നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. 2011 ല്‍ സിനിമാസെറ്റില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സുനിയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ അറസ്റ്റ് എറണാകുളം സെന്‍ട്രല്‍ പോലീസ് ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.
അതിനിടെ, സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജാരാകാന്‍ കഴിയാത്തതിനാല്‍ ചൊവ്വാഴ്ച ജാമ്യാപേക്ഷ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.