Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സാഫല്യത്തിന്റെ വീൽ ചെയറുകളുരുണ്ടു; ഉംറയുടെ നിറവിൽ ഭിന്ന ശേഷിക്കാർ

മക്ക- വീൽചെയറിന്റെ ഇട്ടാവട്ടത്ത് നിന്ന് ഉംറയുടെ വിശാല ലോകത്തിലേക്ക് എത്തിയ ഭിന്നശേഷിക്കാർ ഉംറ നിർവഹിച്ചു. വീൽചെയറിലുള്ള 49 പേരാണ് ഉംറ നിർവഹിച്ചത്. വ്യാഴാഴ്ച രാത്രി മക്കയിലെ വിശുദ്ധ ഹറമിൽ ഇവർ ഉംറ നിർവഹിച്ചു. ചേർത്തുനിർത്താം എന്ന പേരിലുള്ള വാട്‌സാപ്പ് കൂട്ടായ്മയാണ് ഇവർക്ക് ഉംറക്കുള്ള മുഴുവൻ സൗകര്യവും ഏർപ്പെടുത്തിയത്. ജിദ്ദയിലെത്തിയ സംഘം നേരെ ഉംറ നിർവഹിക്കുന്നതിനായി മക്കയിലെത്തുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും അല്ലാഹുവിനെ സ്തുതിക്കുന്നുവെന്നും ഉംറക്കെത്തിയ തീർത്ഥാടകർ പറഞ്ഞു. 
ഇതാദ്യമായാണ് ഇത്രയും വീൽചെയറുകാർ ഒരുമിച്ച് ഉംറക്കെത്തുന്നത്. ഇവരുടെ സഹായികളും പാലിയേറ്റീവ് വളണ്ടിയർമാരും ബന്ധുക്കളുമായി നൂറിലേറെ പേർ സംഘത്തിലുണ്ട്. കൊച്ചിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ 25 ന് രാത്രി ജിദ്ദയിലെത്തിയതാണ് സംഘം. ഉംറക്കെത്തുന്ന ഭിന്നശേഷിക്കാരിൽ പലരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. ഇവരുടെ ചെലവുകൾ ഉദാരമതികൾ ഏറ്റെടുക്കുകയായിരുന്നു. പാലിയേറ്റീവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു പരിചയമുള്ള മക്കയിലേയും മദീനയിലേയും സന്നദ്ധ പ്രവർത്തകർ ഇവരുടെ സേവനത്തിനായും രംഗത്തുണ്ട്. മക്കയിലെ താമസത്തിനിടെ ചികിത്സ  ആവശ്യമായവർക്ക് അതു ലഭ്യമാക്കാൻ മക്ക അൽറയാൻ പോളിക്ലിനിക്കും സന്നദ്ധമായിട്ടുണ്ട്. കോട്ടക്കൽ അൽഹിന്ദ് ട്രാവൽസ് മാനേജർ ഷബീർ ബാബുവിന്റെ നേതൃത്വത്തിലാണ് യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണ് ഉംറ സംഘാംഗങ്ങൾ. നാട്ടിൽ പാലിയേറ്റീവ് കൂട്ടായ്മ വാട്‌സ്ആപ് ഗ്രൂപ്പ് വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്. പാലിയേറ്റീവ് പ്രവർത്തകരായ മുനീർ പൊന്മളയും നൗഷാദ് അരിപ്രയുമാണ് നാട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വീടുകളിലെ ചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്നവർക്ക് ഉംറ എന്ന ചിരകാല സ്വപ്നമാണ് പൂവണിഞ്ഞത്. 

Latest News