റിയാദ്- കാർഷിക, ജല മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനം. ദേശീയ പരിവർത്തന പദ്ധതി, വിഷൻ-2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും പ്രാദേശിക തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിനും വേണ്ടിയാണിത്. കാർഷിക, ജല മേഖലകളിൽ 32,500 തൊഴിലുകൾ സൗദിവൽക്കരിക്കാനാണ് തീരുമാനം. ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ.അബ്ദുല്ല അബൂസ്‌നൈൻ, ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷിമന്ത്രി എൻജിനീയർ മൻസൂർ അൽമുശൈത്തി എന്നിവരുടെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അനുയോജ്യമായ തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കും. സ്വദേശിവൽക്കരണത്തിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സംയുക്ത പ്രവർത്തനവും ശക്തമാക്കാനും ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ധനസഹായ പദ്ധതി നടപ്പാക്കും. കാർഷിക മേഖലാ സ്ഥാപനങ്ങളിൽ അനുയോജ്യമായ 6000 തൊഴിലുകളും ജല മേഖലാ പദ്ധതികളുടെ കരാറുകൾ നേടിയ സ്ഥാപനങ്ങളിൽ 6500 തൊഴിലുകളും കാർഷിക, ജല മേഖലകളിൽ മെയിന്റനൻസ്, ഓപ്പറേഷൻ സ്ഥാപനങ്ങളിൽ 2500 തൊഴിലുകളും കൺസൾട്ടൻസി സ്ഥാപനങ്ങളിൽ 4000 തൊഴിലുകളും സൗദിവൽക്കരിക്കും. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു കീഴിലല്ലാത്ത 20,000 സ്വതന്ത്ര തൊഴിലുകളും സൗദിവൽക്കരിക്കും. ഈ ലക്ഷ്യത്തോടെ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി സൗദിവൽക്കരണത്തിന് അനുയോജ്യമായ ഏതാനും തൊഴിലുകൾ സുസ്ഥിര ഗ്രാമവികസന പ്രോഗ്രാമിലും കാർഷിക സബ്‌സിഡി റീഡയറക്ഷൻ പ്രോഗ്രാമിലും ഉൾപ്പെടുത്തും.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് എല്ലാ മേഖലകളിലും സൗദിവൽക്കരണം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ഡോ.അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു. കാർഷിക, ജല മേഖലകളിൽ സൗദിവൽക്കരണ ലക്ഷ്യങ്ങളും ഉദ്ദിഷ്ട ഫലങ്ങളും സാക്ഷാൽക്കരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സ്വദേശിവൽക്കരണ ധാരണാപത്രത്തിന്റെ ഫലങ്ങളും പുരോഗതിയും മന്ത്രാലയം പതിവായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക, ജല മേഖലകളിൽ സൗദിവൽക്കരണ ലക്ഷ്യങ്ങൾ നേടുന്നതിന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷിമന്ത്രി എൻജിനീയർ മൻസൂർ അൽ മുശൈത്തിയും പറഞ്ഞു.