ബുറൈദ - ഉനൈസയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. പഴയ വാഹനങ്ങൾ പൊളിച്ച് ആക്രിയും സ്‌പെയർ പാർട്‌സും ആക്കി മാറ്റുന്ന കേന്ദ്രത്തിലാണ് സ്‌ഫോടനം.
ലോറിക്ക് പിന്നിൽ ഘടിപ്പിക്കുന്ന പഴയ ഇന്ധന ടാങ്കർ തൊഴിലാളി നീക്കം ചെയ്യുന്നതിനിടെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ടാങ്കറിൽ ഇന്ധനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നതാണ് അപകടത്തിന് കാരണം. ഉഗ്രസ്‌ഫോടനത്തിൽ ദേഹത്ത് തീ പടർന്നുപിടിച്ച തൊഴിലാളി തൽക്ഷണം മരിച്ചു. ടാങ്കറിനു സമീപം നിർത്തിയിട്ടിയിരുന്ന രണ്ടു ആക്രി കാറുകളിലും തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.