ജിദ്ദ - ചരിത്രത്തിൽ ആദ്യമായി ജിദ്ദയിൽ ട്രെയിൻ ചൂളംവിളി ഉയർന്നു. ഹറമൈൻ ട്രെയിൻ പദ്ധതിയുടെ ഭാഗമായ ജിദ്ദ റെയിൽവേ സ്റ്റേഷൻ വരെ ഇന്നലെ പരീക്ഷണ സർവീസ് നടത്തി. റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ നിന്നാണ് ജിദ്ദയിലേക്ക് പരീക്ഷണ സർവീസ് നടത്തിയത്. മദീനക്കും റാബിഗിനുമിടയിൽ നേരത്തെ തന്നെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. വർഷാവസാനത്തോടെ ഹറമൈൻ ട്രെയിൻ പദ്ധതി നിർമാണം പൂർത്തിയാകും.
മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് 450 കിലോമീറ്റർ നീളത്തിലാണ് ഇരട്ടപ്പാത നിർമിക്കുന്നത്. പ്രതിവർഷം ആറു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിന് മാത്രം ശേഷിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മക്ക-മദീന യാത്രാ സമയം രണ്ടു മണിക്കൂറായി കുറയും. മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് ഓടിക്കുക. ഇത്തരത്തിൽ പെട്ട 35 ട്രെയിനുകൾ നിർമിച്ചു നൽകുന്നതിന് കരാർ ഒപ്പുവെച്ചിട്ടുണ്ട്.