പോലീസ് ചമഞ്ഞെത്തി ഒന്നരക്കോടി  കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ

പാലക്കാട്- പോലീസ് സ്റ്റിക്കറും പോലീസ് ബീറ്റ് ലൈറ്റും ഉള്ള ഇന്നോവ വാഹനത്തിൽ പോലീസ് യൂനിഫോം ധരിച്ചെത്തി ഒന്നരക്കോടിയോളം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. മണ്ണാർക്കാട് നാട്ടുകൽ കോൽക്കാട്ടിൽ മൂസയുടെ മകൻ ഖാലിദിനെയാണ് (40) കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളിൽ നിന്നാണ് ഇയാൾ പണം കവർന്നത്.
കോങ്ങാട് പതിനാറാം മൈലിൽ വെച്ച് 2017 ജനുവരിയിലാണ് സംഭവം. തുടർന്ന് പ്രതി ഗൾഫിലേക്ക് മുങ്ങുകയായിരുന്നു. സൗദിയിൽ ട്രാവൽ എജൻസി നടത്തിവന്നിരുന്ന ഖാലിദ് ഇക്കഴിഞ്ഞ ദിവസം മുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയെന്ന വിവരം കിട്ടിയ പോലീസ് മുംബൈയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഖാലിദിന്റെ സുഹൃത്ത് മുഹമ്മദിനെയും കൂട്ടുപ്രതികളെയും കൃത്യത്തിന് ഉപയോഗിച്ച ഇന്നോവയും പോലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇതോടെ ജില്ലയിൽ നടന്ന തുമ്പില്ലാത്ത കേസുകൾക്ക് തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
പാലക്കാട് ഡിവൈ.എസ്.പി, സജു കെ.എബ്രഹാം, കോങ്ങാട് സി.ഐ കെ.സി ബിനു വിന്റെയും നിർദ്ദേശത്തെ തുടർന്ന് കോങ്ങാട് എസ്.ഐ വി.പി അരിസ്റ്റോട്ടിൽ, എഎസ്.ഐ ഉദയകുമാർ, ക്രൈം സ്‌ക്വാഡ് സി.എസ് സാജിദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
 

Latest News