ജിസാൻ - ഗതാഗത നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള സാഹിർ സംവിധാനവും സ്മാർട്ട് പട്രോൾ സംവിധാനവും ജിസാൻ ആക്ടിംഗ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. ഒരു വർഷത്തോളം പരീക്ഷണാടിസ്ഥാനത്തിൽ ജിസാനിൽ പ്രവർത്തിപ്പിച്ച ശേഷമാണ് സാഹിർ സംവിധാനവും സ്മാർട്ട് പട്രോളിംഗ് സംവിധാനവും ആക്ടിംഗ് ഗവർണർ ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
സിഗ്നൽ കട്ട് ചെയ്യൽ, തെറ്റായ പാർക്കിംഗ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് പുതിയ ഓട്ടോമാറ്റിക് സംവിധാനങ്ങൾ വഴി നിരീക്ഷിച്ച് കണ്ടെത്തി ഡ്രൈവർമാരുടെ പേരിൽ പിഴകൾ ചുമത്തുകയെന്ന് ജിസാൻ ട്രാഫിക് പോലീസ് മേധാവി ബ്രിഗേഡിയർ റാശിദ് ബിൻ സഈദ് അൽഗാംദി ജിസാൻ ആക്ടിംഗ് ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് രാജകുമാരനു മുന്നിൽ വിശദീകരിച്ചു.