റിയാദ് - ഇൻഷുറൻസ് കമ്പനി സെയിൽസ് റെപ്രസന്റേറ്റീവ് ആയി ആൾമാറാട്ടം നടത്തി സൗദി പൗരനെ കബളിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. ജോർദാനിയാണ് അറസ്റ്റിലായത്.
ഇൻഷുറൻസ് കമ്പനി പ്രതിനിധിയായി ചമഞ്ഞെത്തിയ വിദേശി സൗദി പൗരനെ കബളിപ്പിച്ചതായി വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഏതാനും പേരെ സമാന രീതിയിൽ കബളിപ്പിച്ചതായും ഇൻഷുറൻസ് കമ്പനിയുടെ പേരിലുള്ള രസീതി ബുക്ക് വ്യാജമായി നിർമിച്ചതായും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായി റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി പറഞ്ഞു.