റിയാദ് - പതിനാലംഗ ഭീകര സംഘത്തിനുള്ള ശിക്ഷ പ്രത്യേക കോടതി ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. സംഘത്തിൽ പന്ത്രണ്ടു പേർ സ്വദേശികളാണ്. സുഡാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും സംഘത്തിലുണ്ട്. അഞ്ചു വർഷം മുമ്പ് 2015 ൽ രണ്ടു പോലീസുകാരെ വധിക്കൽ അടക്കമുള്ള ഭീകരപ്രവർത്തനങ്ങളിൽ സംഘം പ്രതികളാണ്.
സംഘത്തിന്റെ വിചാരണ പ്രത്യേക കോടതി പൂർത്തിയാക്കിയിട്ടുണ്ട്. സംഘത്തിൽ രണ്ടു പേർക്ക് വധശിക്ഷ വിധിക്കണമെന്നും അവശേഷിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്നുമാണ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ബർജസ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സ്വദേശി യുവാവ് അടക്കം രണ്ടു പേരാണ് സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. 2015 ഏപ്രിൽ എട്ടിന് ബുധനാഴ്ച കിഴക്കൻ റിയാദിൽ വെച്ച് പട്രോൾ പോലീസ് വാഹനത്തിനു നേരെ വെടിവെപ്പ് നടത്തി രണ്ടു പോലീസുകാരെ വധിച്ച സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത് ഇരുവരുമായിരുന്നു.
രണ്ടു പോലീസുകാരെ യന്ത്രത്തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തല്‍, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ആഭ്യന്തര മന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥനെയും സുൽത്താന ചെക്ക് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരെയും അൽറഗ്ബ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും അൽറഗ്ബയിൽ വിനോദ സഞ്ചാരികളെയും വധിക്കുന്നതിന് ശ്രമിക്കൽ, താദഖിലും അൽഹസയിലും ടൂറിസ്റ്റുകളെ കൊലപ്പെടുത്തുന്നതിന് ശ്രമിക്കൽ,
സൗദി ഭരണാധികാരികളെയും പണ്ഡിതരെയും സുരക്ഷാ സൈനികരെയും അവിശ്വാസികളായി മുദ്രകുത്തൽ, ബോംബ് നിർമാണം, പെട്രോൾ ബോംബുകൾ കൈവശം വെക്കൽ, സൗദിക്കകത്തും വിദേശത്തുമുള്ള ഐ.എസ് ഭീകരരുമായി ആശയ വിനിമയം നടത്തൽ, ഭീകരാക്രമണങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഐ.എസ് ഭീകരർക്ക് അയച്ചുകൊടുക്കൽ, മദ്യസേവ നടത്തൽ, മയക്കുമരുന്ന് ഉപയോഗിക്കൽ എന്നീ ആരോപണങ്ങളാണ് പ്രതികൾ പ്രധാനമായും നേരിട്ടത്.