റിയാദ് - ഉദാരമതികളുടെ സഹായത്തോടെ ആയിരത്തിലേറെ തടവുകാർക്ക് മോചനം ലഭിച്ചതായി ഔദ്യോഗിക കണക്ക്. സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരുടെ കടങ്ങൾ വീട്ടി മോചനം സാധ്യമാക്കാൻ പൊതുസമൂഹത്തിന്റെ പങ്കാളിത്തവും സഹായവും പ്രയോജനപ്പെടുത്താൻ ഫുരിജത് എന്ന് പേരിട്ട പുതിയ സേവനം ആഭ്യന്തര മന്ത്രാലയം അടുത്തിടെ ആരംഭിച്ചിരുന്നു.
സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലുകളിൽ കഴിയുന്നവരുടെ ബാധ്യതകൾ വീട്ടുന്നതിന് സ്വദേശികൾക്കും വിദേശികൾക്കും സംഭാവന നൽകാൻ അവസരമൊരുക്കുകയാണ് പുതിയ സേവനം ചെയ്യുന്നത്. ബാധ്യതകൾ വീട്ടി മോചിപ്പിക്കാൻ ആഗ്രഹിക്കുന്ന തടവുകാരുടെ മോചന ആവശ്യത്തിലേക്ക് എത്ര ചെറിയ തുകയും സംഭാവന ചെയ്യാനാകും.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഉയർന്ന വിശ്വാസ്യതയും സ്വകാര്യതയും ഉറപ്പുവരുത്തി തടവുകാരുടെ കടങ്ങൾ വീട്ടാൻ സംഭാവന ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സേവനം നവീകരിക്കുന്നതിന് തുടർച്ചയായ പഠനങ്ങൾ നടക്കുന്നുണ്ട്. ക്രിമിനൽ കേസുകളല്ലാത്ത സാമ്പത്തിക കേസുകളിൽ ജയിലുകളിൽ കഴിയുന്നവർക്കാണ് ആദ്യ ഘട്ടത്തിൽ ഫുരിജത് സേവനത്തിന്റെ പ്രയോജനം നീക്കിവെച്ചിരുന്നത്. പദ്ധതി ഗുണഭോക്താക്കൾ മറ്റു കേസുകളിൽ കുടുങ്ങിയവരാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. രണ്ടാം ഘട്ടത്തിൽ സാമ്പത്തിക കേസുകളിൽ അകപ്പെട്ട് ജയിലുകളിൽ കഴിയുന്ന സുരക്ഷാ സൈനികർക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി.
തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിന് പൊതുസമൂഹത്തിൽ നിന്ന് നാലു കോടിയിലേറെ റിയാലാണ് ഇതിനകം ലഭിച്ചത്. ഉദാരമതികളുടെ സംഭാവനകൾ പ്രയോജനപ്പെടുത്തി കടങ്ങൾ വീട്ടി ആയിരത്തിലേറെ തടവുകാരെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽനിന്ന് വിട്ടയച്ചു.
പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ അർഹരായ ഓരോ തടവുകാരുടെയും പേരിലുള്ള സാമ്പത്തിക ബാധ്യതകളുടെ കൃത്യമായ കണക്ക് പുതിയ സേവനം ലഭ്യമാക്കുന്നുണ്ട്. ഇതിൽ നിന്ന് തങ്ങൾ ആഗ്രഹിക്കുന്ന തടവുകാരുടെ ബാധ്യതകൾ വീട്ടാനുള്ള സംഭാവന നൽകാൻ സാധിക്കും. പുതിയ സേവനത്തിലൂടെ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ വീട്ടുന്നതിന് കുടുംബാംഗങ്ങൾക്കുമാകും. സംഭാവനകൾ ലഭിക്കുന്നതിന് അനുസരിച്ച് തടവുകാരുടെ പേരിൽ അവശേഷിക്കുന്ന ബാധ്യതകൾ കുറഞ്ഞുവരും. ഇക്കാര്യം ഓൺലൈൻ സേവനം വഴി തുടർച്ചയായി നിരീക്ഷിക്കാനും സാധിക്കും.