ദുബായ്- ബഹിരാകാശ നിലയത്തിലേക്ക് ഒരു യാത്രികന്‍ എന്തൊക്കെ കൊണ്ടുപോകണം. തീര്‍ച്ചയായും പഠനത്തിനും ഗവേഷണത്തിനും ആവശ്യമായതൊക്കെ ഉണ്ടാകും. എന്നാല്‍ യു.എ.ഇയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി കൊണ്ടുപോയത് അദ്ദേഹത്തിന്റെ സംസ്‌കാരം തന്നെയാണ്.
വിശുദ്ധ ഖുര്‍ആനുമായാണ് ഹസ്സ അല്‍ മന്‍സൂരിയുടെ യാത്ര. പട്ടുകൊണ്ടുള്ള യു.എ.ഇ പതാക, രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ അപ്പോളോ 17 ടീമിനൊപ്പം നില്‍ക്കുന്ന ചിത്രം, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആത്മകഥ എന്നിവ ഹസ്സ കരുതിയിട്ടുണ്ട്. ഒപ്പം, സ്വദേശി ഭക്ഷണം, കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കമുള്ള സ്വകാര്യ സാധനങ്ങള്‍, ചൊവ്വാ ദൗത്യത്തിനും മറ്റുമുള്ള ഗവേഷണ സാമഗ്രികള്‍, ഗാഫ് മരത്തിന്റെ 30 വിത്തുകള്‍ എന്നിവയും ഒപ്പം കരുതുന്നു.
ബഹിരാകാശത്ത് ഹസ്സയുടെ അറേബ്യന്‍ വിരുന്നുണ്ടാകും. സഹയാത്രികരും ബഹിരാകാശ നിലയത്തില്‍ ഉള്ളവരും 'അത്താഴവിരുന്നില്‍' പങ്കെടുക്കും. സ്വദേശി വിഭവങ്ങളായ മദ്‌രൂബ, സലൂന, ബലാലീത് എന്നിവയാണ് വിളമ്പുകയെന്നും യു.എ.ഇ സ്‌പേസ് ഏജന്‍സി പറഞ്ഞു.