മലയാളത്തിൽ പഠിച്ചാൽ ഭരിക്കാൻ കഴിയില്ലെന്ന് പറയുന്നവരുടെ മുന്നിൽ തിളങ്ങി നിൽക്കുന്ന ഉത്തരമാണ് സിവിൽ സർവീസസ് പരീക്ഷയും ഇന്റർവ്യൂവുമെല്ലാം മലയാളത്തിൽ ജയിച്ച മലയാളിയായ മുഹമ്മദലി ശിഹാബ്. അദ്ദേഹമിപ്പോൾ കലക്ടറായി ഭരിക്കുന്ന ജില്ല ഇംഗ്ലീഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡാണെന്ന് കൂടി ഓർക്കുക.
ഹോ എന്തൊരു ഇംഗ്‌ളീഷ് എന്ന് ആ ഭാഷ പറയുന്നവരെ കണ്ട് അതിശയിച്ചവരുടെ ഒരു തലമുറയുണ്ടായിരുന്നു കേരളത്തിലും. വക്കീൽ ഇംഗ്ലീഷിൽ കോഴി കൊത്തുന്നതുപോലെ കൊത്തി കേസ് ജയിച്ചെടുത്തു എന്നൊക്കെ കാര്യമറിയാതെ നിഷ്‌ക്കളങ്കരായ മനുഷ്യരുടെ കാലം. കൊളോണിയൽ ഭാഷാ അടിമത്തത്തിന്റെ അവസാന കണ്ണികൾ എന്നൊക്കെ നമുക്കവരെ വെറുതെ വർഗീകരിക്കാം. പ്രമുഖ പത്ര പ്രവർത്തകനും സി. പി. ഐ താത്വികനുമായിരുന്ന ടി.വി.കെ യോട് (ടി.വി.കൃഷ്ണൻ - അദ്ദേഹം ഇന്നില്ല) വെറുതെ ഒരിക്കൽ ഒരു സംശയം ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു നേതാവ് ഇംഗ്‌ളീഷ് ശരിയാം വണ്ണം അറിയാതിരുന്നിട്ടും ആ ഭാഷ തന്നെ പറയാൻ സാഹസപ്പെടുന്നതിനെ കുറിച്ചായിരുന്നു സംശയം. അക്കാലത്ത് മലബാറിൽ മത പ്രസംഗ പരമ്പരക്കെത്താറുള്ള ഒരാളുടെ പേർ പറഞ്ഞ ശേഷം, അദ്ദേഹവും അതുപോലുള്ളവരും എന്ത് കാര്യത്തിനാണോ മത പ്രസംഗത്തിനിടക്ക് ഇംഗ്‌ളീഷ് പ്രയോഗിക്കുന്നത്, അതേ കാരണത്താലാണ് സാധാരണ തൊഴിലാളികളടങ്ങുന്ന പാർട്ടി സദസിനെ കൈയ്യിലെടുക്കാനായി ചില സഖാക്കൾ ഇംഗ്‌ളീഷ് മേമ്പൊടിയോടെ പ്രസംഗിക്കുന്നതെന്ന വിശദീകരണം ഒരു പാട് അർഥ തലമുൾക്കൊള്ളുന്നതായിരുന്നു. ആ നിലക്ക് ഭാഷാ വിധേയത്വം പുലർത്തിയ നിഷ്‌കപട സമൂഹത്തിൽ നിന്ന് പിന്നീടെപ്പോഴോ കേരളം മറ്റൊരു തലത്തിലേക്ക് മാറിയത് കാണെകാണെയായിരുന്നു. ആ തരത്തിലുള്ള ഇംഗ്‌ളീഷ് വിധേയത്വമാണ് നാടിനെ കുറ്റകരമായ മലയാള ഭാഷാ പുച്ഛത്തിലേക്ക് വരെ ചെന്നെത്തിച്ചത്. മലയാളത്തെ ആ നിലക്ക് പഠിക്ക് പുറത്ത് നിർത്തിയവരുടെ തലമുറയിൽപ്പെട്ടവരാണിപ്പോൾ ഉദ്യോഗസ്ഥ ഭരണ നേതൃത്വത്തിലുള്ളവരിൽ പലരും. അത്തരം ആളുകളാണ് മലയാള ഭാഷാ സ്‌നേഹികൾ അടുത്ത ദിവസം കൈവരിച്ച വിജയത്തെ ചെറുതാക്കാൻ ശ്രമിക്കുന്നത്. ഐക്യമലയാള പ്രസ്ഥാനം പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ഓഫീസിന് മുന്നിൽ ആരംഭിച്ച സമരം ഒടുവിൽ മലയാള ഭാഷയുടെ വന്ദ്യവയോധികരായ നേതാക്കൾ ഉൾപ്പെടെ കേരളമൊട്ടാകെ ഏറ്റെടുത്തപ്പോൾ ആ സമരം വിജയം കാണുകയായിരുന്നു. പി.എസ്.സി പരീക്ഷകൾ -അതെത്ര ഉയർന്നതായലും മലയാളത്തിലും നടത്തണമെന്ന ആവശ്യമുന്നയിച്ച് നടത്തിയ സമരത്തിന്റെ വിജയം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടവിധം മഹത്തരമായിരുന്നു. ആ വിജയത്തെ അട്ടിമറിക്കാൻ ചെറിയ രീതിയിലെങ്കിലും നീക്കം നടക്കുന്നുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്ന സമീപനമാണ് ചിലയാളുകളിൽ നിന്നുണ്ടാകുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.ബി.അശോക് ഒരു പത്രത്തിലെഴുതിയ ലേഖനത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലടക്കമുള്ള പരീക്ഷകൾ മലയാളത്തിൽ എഴുതിയാൽ ഉണ്ടാകാൻ പോകുന്ന 'ആപത്തുകൾ ' ഐ.എ.എസ് ബുദ്ധിയോടെ നിരത്തുന്നത്. മലയാളത്തിൽ പരീക്ഷയെഴുതി ജയിക്കുന്നവർ ഇംഗ്‌ളീഷ് പരിജ്ഞാന മില്ലാത്തവരായി പോകുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. അങ്ങിനെ വന്നാൽ ഭരണഘടന സ്ഥാപനങ്ങളായ കോടതി, ലെജിസ്ലേച്ചർ, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിൽ ഫയലുകൾ ഇംഗ്ലീഷിലാക്കാൻ പ്രയാസമാകുമെന്ന്. മലയാളത്തിൽ എഴുതി ഐ .എ.എസ് ജയിച്ച പാലക്കാട്ടുകാരൻ എം.പി.ലിപിൻ രാജ് ഡോ.ബി.അശോകിന്റെ വാദങ്ങൾക്ക് അദ്ദേഹത്തിന്റെ പേരുപറയാതെ അടുത്ത ദിവസം മറുപടി എഴുതിയപ്പോൾ വീണ്ടും വിജയം കാണുന്നത് മലയാള ഭാഷ. കാരണമുള്ളതും അകാരണവുമായ ഇംഗ്ലീഷ് വിധേയത്വത്തിന്റെ പേരിലുള്ള മലയാള ഭാഷാ തമസ്‌കരണം ഇനിയെന്തായാലും നടപ്പില്ല എന്ന് തെളിയിക്കുന്ന ആശാവഹമായ ചലനങ്ങൾ.
പണ്ട് നല്ല ഓക്‌സ്ഫഡ് ഇംഗ്‌ളിഷിൽ ഫയലുകൾ എഴുതി ജനങ്ങളെ അതിശയിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരായിരുന്നു സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നതെന്നത് ഒരു തരം തറവാട്ടു മഹിമാ വാദം പോലെ മനസിൽ കൊണ്ടു നടക്കുന്നവർ തൽക്കാലം രംഗത്ത് നിന്ന് മാറി നിൽക്കുന്നതായിരിക്കും നല്ലത്. കാരണം ഇപ്പോൾമലയാളം നേടിയെടുത്ത വിജയം വെറുതെ ആരും ഔദാര്യമായി കൊണ്ടു വന്ന് തന്നതല്ല. ദീർഘനാളത്തെ ആശയ സമരത്തിലൂടെ നേടിയെടുത്തതാണ്. ഈ വിജയം അട്ടിമറിക്കാൻ ആരെയും അനുവദിക്കരുത്. എല്ലാ ഭരണ നിർവ്വഹണ സ്ഥാപനങ്ങളും ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ ഇടപെടൽ നടത്തട്ടെ. ഇംഗ്ലീഷിൽ ഭരിച്ചാലെ ഭരൂ എന്ന് തോന്നുന്നവരും, അത് പ്രചരിപ്പിക്കുന്നവരും വഴി മാറികൊടുക്കട്ടെ.
അപകർഷതാ ബോധത്തിൽനിന്നാണ് മലയാളി സമൂഹം ഈ വിധത്തിൽ മറ്റ് ഭാഷകളോട് വിധേയത്വം കാണിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത് ഈ സംഭവഗതികളോട് ചേർത്ത് വായിക്കേണ്ടതാണ്.
തൃശൂർ ജില്ലയിലെ വലപ്പാട് കുഞ്ഞുണ്ണി മാഷിന്റെ വീടിന്റെ സമീപം നിർമ്മിച്ച സ്മാരകം നാടിന് സമർപ്പിച്ചു സംസാരിക്കവെയാണ് മുഖ്യമന്ത്രി മലയാളികളുടെ അപകർഷതയെപ്പറ്റി പറഞ്ഞത്.
''ഇത്തരം അധമമായ അപകർഷതിയിൽ നിന്ന് മലയാളികളെ മോചിപ്പിക്കാനുള്ള വലിയ പോരാട്ടത്തിന്റെ നായകസ്ഥാനത്തായിരുന്നു കുഞ്ഞുണ്ണി മാഷ് നിലക്കൊണ്ടത്. ആ സമരത്തിനുള്ള ഇന്ധനമാണ് കവിതകളിലൂടെ അദ്ദേഹം പകർന്നത്.
മാതൃഭാഷയെ സ്‌നേഹിക്കേണ്ടതിനെക്കുറിച്ചും ഇംഗ്ലീഷ് കൊണ്ടുള്ള കൊളോണിയൽ വിധേയ മനോഭാവം കുടഞ്ഞെറിയേണ്ടതിനെ കുറിച്ചും കുഞ്ഞുണ്ണി മാഷ് ഉദ്‌ബോധിപ്പിച്ചു. മലയാളത്തെ മറന്ന് മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന മലയാളിയുടെ പൊങ്ങച്ച മനോഭാവത്തിന് നേരെ അദ്ദേഹം കവിതയിലൂടെ കൂരമ്പുകൾ തൊടുത്തു. മലയാളത്തിന് അർഹമായ സ്ഥാനവും അംഗീകാരവും ലഭിക്കാത്തതിൽ ദുഃഖിതനായാണ് അദ്ദേഹം മരിച്ചത്. എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കണം, ഭരണഭാഷ മലയാളം എന്നീ നയങ്ങളും ഇപ്പോൾ, പി.എസ്.സി പരീക്ഷകൾക്ക് മലയാളത്തിൽ കൂടി ചോദ്യങ്ങൾ ലഭ്യമാക്കാനുള്ള തീരുമാനവുമെല്ലാം കുഞ്ഞുണ്ണി മാഷിന്റെ ആഗ്രഹ പൂർത്തീകരണത്തിന്റെ ഭാഗം കൂടിയാണ്...''
മലയാള ഭാഷ സംരക്ഷണത്തിന്റെ വഴിയിൽ മുന്നോട്ട് വെച്ച കാൽ പിന്നോട്ടില്ലെന്നതാണ് കേരള ഭരണാധികാരിയുടെ വാക്കുകളിൽ നിന്ന് മനസിലാക്കേണ്ടത്. ലോകത്തെങ്ങുമുള്ള മലയാളികളുടെ പിന്തുണയും പിൻബലവും ആവശ്യമായ നിലപാട്.. മലയാളത്തിൽ പഠിച്ചാൽ ഭരിക്കാൻ കഴിയില്ലെന്ന് പറയുന്നവരുടെ മുന്നിൽ തിളങ്ങി നിൽക്കുന്ന ഉത്തരമാണ് സിവിൽ സർവീസസ് പരീക്ഷയും, ഇന്റർവ്യൂവുമെല്ലാം മലയാളത്തിൽ ജയിച്ച മലയാളിയായ മുഹമ്മദലി ശിഹാബ്. അദ്ദേഹമിപ്പോൾ കലക്ടറായി ഭരിക്കുന്ന ജില്ല ഇംഗ്ലീഷ് മാത്രം ഔദ്യോഗിക ഭാഷയായ നാഗാലാൻഡാണെന്ന് കൂടി ഓർക്കുക. അതെ , ഭരണ രംഗത്തെ ഭാഷാ മൗലികവാദികൾ എവിടെയും തോറ്റു പോകേണ്ടവരാണ്.