കോട്ടയം - പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വോട്ടു മറിച്ച ഇടപാടിൽ പാർട്ടി സംസ്ഥാന നേതാക്കൾക്കും പങ്കുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി പാലാ മണ്ഡലം മുൻ പ്രസിഡന്റ് ബിനു പുളിക്കകണ്ടം രംഗത്ത്. എൻ.ഡി.എ സ്ഥാനാർഥിയായി വിജയസാധ്യത കുറഞ്ഞ എൻ. ഹരിയെ നിയോഗിച്ചത് ഇതിന് തെളിവാണ്. ഇതുസംബന്ധിച്ച് കുടൂതൽ വിശദാംശങ്ങൾ 27ന് പുറത്തുവിടുമെന്നും ബി.ജെ.പിയിൽനിന്ന് രാജിവെച്ച ബിനു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ 5000 വോട്ട് യു.ഡി.എഫിന് നൽകാമെന്ന ധാരണയുണ്ടാക്കി ഹരി പണം വാങ്ങിയാണ് വോട്ട് മറിച്ചതെന്നും ബിനു പറഞ്ഞു. 38,000 വോട്ടുകൾ എൻ. ഹരിക്ക് പാലായിൽ ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതിൽനിന്ന് കുറയുന്ന വോട്ടുകൾക്ക് എൻ. ഹരി ഉത്തരം പറയണം. വോട്ട് ചോർച്ചയ്ക്ക് ഉത്തരം പറയേണ്ടിവരുമെന്നതിനാലാണ് വോട്ടെണ്ണലിന് മുമ്പ് അദ്ദേഹം രാഷ്ട്രീയ നാടകം കളിച്ചത്. പണം വാങ്ങിയാണ് എൻ. ഹരി വോട്ട് മറിച്ചതെന്നും ബിനു ആരോപിച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബി.ജെ.പിയുടെ സാന്നിധ്യം മണ്ഡലത്തിൽ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. പിന്നീട് ബി.ജെ.പി സ്ഥാനാർഥി മുഖ്യശത്രു സ്ഥാനത്ത് ഇടതുപക്ഷത്തെ മാത്രം നിർത്തി. വോട്ടുകച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യക്തമാണെന്ന് ബിനു ആരോപിച്ചു. എൻ. ഹരി തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. എൽ.ഡി.എഫിനെതിരെ പ്രചാരണം നടത്തി യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന സന്ദേശമാണ് ഹരി നൽകിയത്.
കേരളാ കോൺഗ്രസിലെ ഉന്നതനാണ് വോട്ടു കച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയത്. ഹരിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം ആവശ്യപ്പെടുമ്പോൾ തെളിവ് കൈമാറുമെന്നും ബിനു പറഞ്ഞു. തന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ എന്ത്നടപടി നേരിടാനും തയ്യാറാണ്. ഈ മാസം നാലിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയ്ക്ക് പാർട്ടിയിൽനിന്ന് രാജിവെച്ച് പറത്തുപോകുന്നത് സംബന്ധിച്ച് കത്ത് നൽകിയിരുന്നുവെന്നും ബിനു കൂട്ടിച്ചേർത്തു.
എൻ. ഹരി പാലായിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയാണെന്നും ബിനു വ്യക്തമാക്കി. കൊട്ടിക്കലാശത്തിലെ ശക്തി കാണിച്ചാണ് ബി.ജെ.പി വിലപേശൽ നടത്തിയത്. ക്രിസ്ത്യൻ ഏകീകരണം ഉണ്ടാക്കി യു.ഡി.എഫ് അനുകൂലമാക്കാൻ ബി.ജെ.പി സഹായിച്ചു.
പാലാ അരമനയുടെ മുന്നിലൂടെ ഹിന്ദുത്വ മുദ്രാവാക്യങ്ങളുമായി നടത്തിയ പ്രകടനം പ്രകോപനം സൃഷ്ടിക്കാനായിരുന്നു. പാലായിലെ ബി.ടു.പിയിൽ നിന്നും ഇനിയും കൂടുതൽ പേർ രാജിവെച്ചേക്കും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും ഹരി വോട്ടുമറിച്ചുവെന്ന് ബിനു പറഞ്ഞു.