തിരുവനന്തപുരം - ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥികളെ ഗ്രൂപ്പടിസ്ഥാനത്തിൽ തന്നെ നിശ്ചയിക്കും. വട്ടിയൂർകാവ് ഐ ഗ്രൂപ്പിന് നൽകാനാണ് സാധ്യത. അതിനിടെ എം.പിമാരുടെ സ്ഥാനാർഥികൾ കെ.പി.സി.സിക്ക് തലവേദന സൃഷ്ടിക്കുന്നു. അവകാശവാദങ്ങളും പരസ്യവാഗ്വാദങ്ങളും മുറുകിയതോടെ നേതാക്കൾ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് കർശന താക്കീത് നൽകിയിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
തങ്ങളുടെ സിറ്റിംഗ് സീറ്റുകളിൽ തങ്ങൾ നിർദ്ദേശിക്കുന്നവർക്ക് സീറ്റുകൾ നൽകണമെന്നാണ് മൂന്ന് മണ്ഡലങ്ങളിലെയും എം.പിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ എം.പി എൻ. പീതാംബരക്കുറുപ്പിനെയാണ് നിർദ്ദേശിച്ചത്. മുരളീധരൻ ഡി.ഐ.സിയിൽ പോയപ്പോഴും ഒപ്പം ഉറച്ചുനിന്ന ആളാണ് പീതാംബരക്കുറുപ്പ്. വട്ടിയൂർക്കാവ് താൻ വീടുപോലെ സൂക്ഷിച്ച മണ്ഡലമായതിനാൽ വിശ്വസ്തനായ കുറുപ്പിനുതന്നെ സീറ്റ് നൽകണമെന്നാണ് മുരളീധരന്റെ താൽപര്യം. ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രന് അത്ര താൽപര്യമില്ല. പകരം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയോ മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻ കുമാറിനെയോ മത്സരിപ്പിക്കാനാണ് താൽപര്യം. മുരളീധരന്റെ സഹോദരി പത്മജാ വേണുഗോപാലിന്റെ പേരും ഉയർന്നുവന്നെങ്കിലും അതിന് മുരളി തന്നെ തടയിട്ടു.
കോന്നിയിൽ ജാതി പറഞ്ഞ് സീറ്റിനായി വെല്ലുവിളി തുടങ്ങിയതോടെ അടൂർ പ്രകാശ് എം.പിയും പത്തനംതിട്ട ഡി.സി.സിയും തമ്മിലുള്ള പോര് മുറുകി. തന്റെ വിശ്വസ്തനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥി യാക്കാനാണ് അടൂർ പ്രകാശ് ശ്രമിക്കുന്നത്. കെ.പി.സി.സി സെക്രട്ടറി പഴകുളം മധുവിനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സ്ഥാനാർഥി ഈഴവ സമുദായക്കാരനാവണമെന്ന് ഡി.സി.സി ഭാരവാഹിയുടേതായി പുറത്തുവന്ന പ്രസ്താവന വിവാദമാവുകയും ചെയ്തു. ഇതോടെ വിശദീകരണവുമായി അടൂർ പ്രകാശ് രംഗത്തെത്തി. താൻ എല്ലാ വിഭാഗക്കാരുടെയും വോട്ട് നേടിയാണ് വിജയിച്ചതെന്നും അതിനാൽ അന്തിമ തീരുമാനം കെ.പി.സി.സി എടുക്കുമെന്നും പറഞ്ഞ് തടിയൂരി.
അരൂരിൽ ഹിന്ദു സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ആലപ്പുഴ ഡി.സി.സിയിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് എ.എ. ഷുക്കൂർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ കെ.പി.സി.സിയുടെ കർശന താക്കീതിനെ തുടർന്ന് ഷുക്കൂർ മൗനം പാലിക്കുകയാണ്. കെ. ബാബു, എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.
എറണാകുളം സീറ്റിനായി കെ.വി. തോമസ് ദൽഹി മുതൽ കെ.പി.സി.സി ആസ്ഥാനത്തു വരെ ചരട് വലിക്കുന്നുണ്ട്. വിട്ടുകൊടുക്കാൻ ഹൈബി ഈഡൻ തയ്യാറുമല്ല. ഹൈബിയും തന്റെ അനുയായിക്ക് സീറ്റ് ലഭിക്കാൻ ദൽഹിയിൽനിന്നും ശ്രമം തുടങ്ങി. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദാണ് ഹൈബി ഈഡന്റെ നോമിനി. ലാലി വിൻസന്റ്, മുൻ മേയർ ടോണി ചമ്മിണി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. എം.പിമാരുടെ ആഗ്രഹമായിരിക്കും നടക്കുകയെന്നാണ് സൂചന.
ഇതിനിടെ മുസ്‌ലിം ലീഗിലും സീറ്റിനെ ചൊല്ലി കലാപം തുടങ്ങി. മഞ്ചേശ്വരത്ത് മണ്ഡലത്തിനു പുറത്തുനിന്നുള്ള സ്ഥാനാർഥി വേണ്ടെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ഇന്നലെ പാർട്ടി നേതൃയോഗം പാണക്കാട്ട് ചേരവേ അവിടെ യൂത്ത് ലീഗ് മാർച്ചും നടത്തി.