കോഴിക്കോട് - പെൺകുട്ടി പ്രണയത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നടക്കുന്ന ലൗ ജിഹാദ് പ്രചാരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പരത്തൽ മാത്രമാണ് ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ഇത്തരം പ്രചാരണങ്ങളിലൂടെ സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടക്കുന്നതെന്നും സർക്കാറും പോലീസും വിഷയത്തിൽ ഇടപെട്ട് ഇത്തരം വ്യാജപ്രചാരണങ്ങൾ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ 89 മിശ്രവിവാഹങ്ങളിൽ ലൗ ജിഹാദ് ഉണ്ടോ എന്ന് എൻ.ഐ.എ അന്വേഷിച്ചിരുന്നു. 89ൽ തെരഞ്ഞെടുത്ത 11 കേസുകളിൽ പ്രത്യേക അന്വേഷണം നടത്തിയ എൻ.ഐ.എ ലൗ ജിഹാദ് ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കോഴിക്കോട് നടന്നെന്ന് പറയുന്ന പീഡനത്തെ മുൻനിർത്തി ചില പത്രമാധ്യമങ്ങളും സംഘ്പരിവാറും ലൗ ജിഹാദിന്റെ പേരിൽ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്. ക്രിസ്ത്യൻ വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെച്ച് സംഘങ്ങൾ പ്രവർത്തിക്കുന്നതായി ആരോപിച്ച് ഇവിടെ നിലനിൽക്കുന്ന സാമുദായിക സൗഹാർദം തകർക്കാൻ ശ്രമം നടക്കുന്നുണ്ട്. എൻ.ഐ.എ ലൗ ജിഹാദല്ലെന്ന് സുപ്രീം കോടതിയിൽ സാക്ഷ്യപ്പെടുത്തിയ കേസുകളിലേക്ക് ബന്ധിപ്പിച്ചാണ് ഇപ്പോൾ പത്രങ്ങളും സംഘ്പരിവാറും കഥകൾ പ്രചരിപ്പിക്കുന്നത്. കേസിൽ എൻ.ഐ.എയും കേന്ദ്ര ഇന്റലിജൻസും ഇടപെട്ടെന്നും വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. മുസ്‌ലിം വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന സംഘ്പരിവാറിന്റെ ഇത്തരം നടപടികൾക്കെതിരെ വിശാലമായ പ്രതിരോധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.