കോഴിക്കോട്- സഹപാഠിക്ക് ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. നടുവണ്ണൂര്‍ കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) ആണ് ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് പോലീസില്‍ കീഴടങ്ങിയത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഐ.പി.സി 376, 384, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട്ടുള്ള കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. സഹപാഠിയായ 18 കാരിയെ കഴിഞ്ഞ ജൂലൈ 25 ന് നഗരത്തിലെ സരോവരം ബയോപാര്‍ക്കിലെത്തിച്ച ശേഷം ലഹരിമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ചവെന്നാണ് പരാതി. ശേഷം ക്രിസ്തുമതക്കാരിയായ പെണ്‍കുട്ടിയോട് തന്റെ മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്.
കൂടാതെ, സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പണം തട്ടിയെന്നും പരാതിപ്പെട്ടാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഓഗസ്റ്റ് രണ്ടിന് വിദ്യാര്‍ഥിനി സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി വധഭീഷണി മുഴക്കിയതായും പറയുന്നു.
ഒന്നര മാസം മുമ്പ് നടന്ന കേസില്‍ ഇതുവരെ പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് കാണിച്ച് പിതാവ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ശേഷം കേന്ദ്ര സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) ഇതു സംബന്ധിച്ച വിവരങ്ങള്‍ പെണ്‍കുട്ടിയില്‍നിന്നും പോലീസില്‍ നിന്നും ശേഖരിച്ചു കൊണ്ടിരിക്കെയാണ് ജാസിം ഇന്നലെ മെഡിക്കല്‍ കോളേജ് പോലീസില്‍ കീഴടങ്ങിയത്. നേരത്തെ കേസ് നടക്കാവ് പോലീസിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറുകയായിരുന്നു. മെഡിക്കല്‍ കോേളജ് സി.ഐ മൂസ വള്ളിക്കാടനാണ് അന്വേഷണ ചുമതല.