റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് വേതനയിനത്തിൽ തൊഴിലുടമകൾ 1803 കോടി റിയാൽ വിതരണം ചെയ്തതായി കണക്കുകൾ.
കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വിതരണം ചെയ്ത വേതനത്തിൽ 40.3 ശതമാനം വർധന രേഖപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തിൽ വേതനയിനത്തിൽ 518 കോടി റിയാലാണ് അധികം വിതരണം ചെയ്തത്. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വേതനയിനത്തിൽ ആകെ 1285 കോടി റിയാലാണ് വിതരണം ചെയ്തത്.
ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ വീട്ടുവേലക്കാർക്ക് വിതരണം ചെയ്ത വേതനത്തിൽ 11 ശതമാനം വർധന രേഖപ്പെടുത്തി. ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികൾക്ക് വേതനമായി ആകെ 1624 കോടി റിയാലാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം രണ്ടാം പാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം 28.4 ശതമാനം തോതിൽ വർധിച്ചതാണ് വേതനയിനത്തിൽ വിതരണം ചെയ്ത തുകയും വലിയ തോതിൽ വർധിക്കുന്നതിന് കാരണം. ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 6,88,000 ഓളം പേരുടെ വർധനവുണ്ടായി. ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 31.1 ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണുള്ളത്.
വേതനയിനത്തിൽ വേലക്കാർക്ക് വിതരണം ചെയ്ത തുക 57.6 ശതമാനം തോതിൽ വർധിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ വേലക്കാർക്ക് വേതനയിനത്തിൽ 290 കോടി റിയാൽ അധികം വിതരണം ചെയ്തു.
രണ്ടാം പാദത്തിൽ വേലക്കാർക്ക് ആകെ 794 കോടി റിയാലാണ് വേതനയിനത്തിൽ വിതരണം ചെയ്തത്. ഹൗസ് ഡ്രൈവർമാർക്ക് വിതരണം ചെയ്ത വേതനത്തിൽ 34.2 ശതമാനം വർധനവുണ്ടായി. ഹൗസ് ഡ്രൈവർമാർക്ക് മൂന്നു മാസത്തിനിടെ ആകെ 966 കോടി റിയാലാണ് വേതനമായി വിതരണം ചെയ്തത്. വേതനയിനത്തിൽ ഹൗസ് ഡ്രൈവർമാർക്ക് വിതരണം ചെയ്ത തുകയിൽ 246 കോടി റിയാലിന്റെ വർധനവാണുണ്ടായത്.
ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികളുടെ ശരാശരി വേതനം 1933 റിയാലാണ്. വനിതാ തൊഴിലാളികളുടെ ശരാശരി വേതനം 1688 റിയാലും പുരുഷ തൊഴിലാളികളുടെ ശരാശരി വേതനം 2095 റിയാലുമാണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ വീട്ടുവേലക്കാരുടെ ശരാശരി വേതനം 1769 റിയാലായിരുന്നു. ഇതിൽ പുരുഷ തൊഴിലാളികളുടെ വേതനം 1924 റിയാലും വനിതാ തൊഴിലാളികളുടെ വേതനം 1575 റിയാലുമായിരുന്നു. വനിതാ തൊഴിലാളികളുടെ വേതനം 7.1 ശതമാനം തോതിലും പുരുഷ തൊഴിലാളികളുടെ വേതനം 8.9 ശതമാനം തോതിലും ഒരു വർഷത്തിനിടെ വർധിച്ചു.
ഗാർഹിക തൊഴിലാളികൾക്ക് വിതരണം ചെയ്ത വേതനത്തിന്റെ 53.6 ശതമാനം ഹൗസ് ഡ്രൈവർമാരുടെയും 44 ശതമാനം വേലക്കാരുടെയും വിഹിതമാണ്. ഗാർഹിക തൊഴിലാളികൾക്ക് ആകെ വിതരണം ചെയ്ത വേതനത്തിന്റെ 97.6 ശതമാനവും ഹൗസ് ഡ്രൈവർമാരുടെയും വേലക്കാരുടെയും പങ്കാണ്. കഴിഞ്ഞ വർഷം ഗാർഹിക തൊഴിലാളികൾക്ക് വേതനയിനത്തിൽ ആകെ 5280 കോടി റിയാലാണ് വിതരണം ചെയ്തത്. 2017 ൽ ഇത് 5305 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം ഗാർഹിക തൊഴിലാളികൾക്ക് വേതനയിനത്തിൽ വിതരണം ചെയ്ത തുകയിൽ അര ശതമാനം കുറവ് രേഖപ്പെടുത്തി.