ദുബായ്- രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) യു.എ.ഇയുടെ അഭിമാനക്കുതിപ്പ് ബുധനാഴ്ച. വൈകിട്ട് 5:56 നാണ് കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍നിന്ന് യു.എ.ഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി പുറപ്പെടുക.
റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യു.എസിലെ ജെസീക്ക മീര്‍ എന്നിവരാണു സഹയാത്രികര്‍. യാത്രക്കുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ അറിയിച്ചു.
യാത്രക്കുള്ള സോയുസ് എം.എസ് 15 പേടകം സജ്ജമാണ്. വിക്ഷേപണത്തിനുള്ള സോയൂസ് എഫ്.ജി റോക്കറ്റ് ബൈക്കന്നൂര്‍ കോസ്‌മോഡ്രോമിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ എത്തിച്ചു. ഒക്‌ടോബര്‍ നാലിന് ഐ.എസ്.എസില്‍നിന്ന് സഞ്ചാരികള്‍ മടങ്ങും.